ഹരീന്ദ്രനെ അഭിഭാഷകനെന്ന നിലയില്‍ അറിയാമെന്നും ന്യൂസ് അവറില്‍ മുന്‍ ഡിവൈഎസ്‍പി പറഞ്ഞു.

തിരുവനന്തപുരം: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ അഡ്വ. ടി പി ഹരീന്ദ്രന്‍റെ ആരോപണം തെറ്റെന്ന് മുന്‍ ഡിവൈഎസ്‍പി പി സുകുമാരന്‍. കേസ് അന്വേഷണത്തില്‍ ആരും സ്വാധീനിച്ചിട്ടില്ല. ഹരീന്ദ്രനെ അഭിഭാഷകനെന്ന നിലയില്‍ അറിയാമെന്നും ന്യൂസ് അവറില്‍ മുന്‍ ഡിവൈഎസ്‍പി പറഞ്ഞു.

ഷുക്കൂർ കേസിൽ ജയരാജനെതിരെ കൊലപാതകക്കുറ്റം ചുമത്താതിരുന്നതിന് കുഞ്ഞാലിക്കുട്ടിയാണ് കാരണമെന്നായിരുന്നു അഭിഭാഷകൻ ടി പി ഹരീന്ദ്രന്‍റെ വെളിപ്പെടുത്തല്‍. 2012 ഫെബ്രുവരിയിൽ പട്ടുവം അരിയിൽ ലീഗ് സിപിഎം സംഘർഷമുണ്ടായപ്പോൾ പി ജയരാജൻ പ്രദേശത്ത് എത്തി. അന്ന് ജയരാജന്‍റെ വാഹനം ആക്രമിച്ചതിന് പ്രതികാരമായാണ് എംഎസ്എഫ് നേതാവായ അരിയിൽ ഷുക്കൂറിനെ സിപിഎം പ്രവർത്തകർ തടങ്കലില്‍ വച്ച് ആക്രമിച്ച് കൊലപ്പെടുത്തിയത്. 

അന്ന് പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്താൻ പൊലീസ് തീരുമാനിച്ചപ്പോൾ കുഞ്ഞാലിക്കുട്ടി ജയരാജനെ രക്ഷിക്കാനെത്തിയെന്നാണ് യുഡിഎഫിന്‍റെ കേസുകൾ കൈകാര്യം ചെയ്തിരുന്ന മുതിർന്ന അഭിഭാഷകൻ ടി പി ഹരീന്ദ്രൻ ഫേസ്ബുക്കിലുടെ വെളിപ്പെടുത്തിയത്. അന്നത്തെ എസ്‍പിയെ കുഞ്ഞാലിക്കുട്ടി സ്വാധീനിച്ച് ദുർബല വകുപ്പ് മാത്രം ചുമത്തി ജയരാജനെ രക്ഷിച്ചെന്നാണ് ഹരീന്ദ്രന്‍റെ ആരോപണം.