എൽ ഡി എഫ് സർക്കാരിന്‍റെ കാലത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി നിശ്ചയിച്ചിരുന്നില്ലെന്ന് ബാലഗോപാൽ.251 ശതമാനം നികുതി നൽകണമായിരുന്നു എന്നതിനാലാണ് തീരുമാനവുമായി മുന്നോട്ട് പോകാത്തതെന്നും അദ്ദേഹം വിവരിച്ചു.സർക്കാർ ചുമതലയേറ്റിട്ട് ഒരു മാസം മാത്രമേ ആയിട്ടുള്ളു എന്നത് കൊണ്ടാണ് പ്രതിപക്ഷം വിമർശനം കടുപ്പിക്കാത്തത്.

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കാര്യത്തിലടക്കം കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്‍റെ നിലപാട് വ്യക്തമാക്കിയും പുതിയ യു ഡി എഫ് സർക്കാരിനെ വിമർശിച്ചും മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ. എൽ ഡി എഫ് സർക്കാരിന്‍റെ കാലത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി നിശ്ചയിച്ചിരുന്നില്ലെന്ന് ബാലഗോപാൽ വ്യക്തമാക്കി. എൽ ഡി എഫ് സർക്കാരിന് അന്ന് നല്ല സമ്മർദ്ദം ഉണ്ടായിരുന്നു. വിൽക്കാൻ പറ്റാത്തത് കൊണ്ടല്ല, 251 ശതമാനം നികുതി നൽകണമായിരുന്നു എന്നതിനാലാണ് തീരുമാനവുമായി മുന്നോട്ട് പോകാത്തതെന്നും അദ്ദേഹം വിവരിച്ചു. ടൂറിസത്തെ സഹായിക്കുകയും, റെഡി ടു ഡ്രിങ്ക് സൗകര്യം മാർക്കറ്റ് കൂട്ടുകയും, വരുമാനം കിട്ടുകയും ചെയ്യും. എന്നാൽ പുതിയ മദ്യ ഉപയോഗ രീതി കേരളത്തിൽ ഉണ്ടാക്കുമെന്ന കാരണവും, പുതിയൊരു നിര ലഹരി ഉപയോഗത്തിലേക്ക് വരേണ്ട എന്ന നയം കാരണവുമാണ് പദ്ധതിയുമായി മുന്നോട്ട് പോകാത്തതെന്നും ബാലഗോപാൽ വ്യക്തമാക്കി. മാത്യു കുഴൽനാടൻ അടക്കമുള്ളവർ വിഷയത്തിൽ ഈ ചോദ്യങ്ങൾ കഴിഞ്ഞ നിയമസഭയിൽ ചോദിച്ചിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രതിപക്ഷത്തിന് വിമർശനം

എൽ ഡി എഫ് മുന്നോട്ട് പോകാത്ത പദ്ധതിയാണ് സതീശൻ സർക്കാർ ഇപ്പോൾ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും മുൻ ധനമന്ത്രി ചൂണ്ടിക്കാട്ടി. സർക്കാർ ചുമതലയേറ്റിട്ട് ഒരു മാസം മാത്രമേ ആയിട്ടുള്ളു എന്നത് കൊണ്ടാണ് പ്രതിപക്ഷം വിമർശനം കടുപ്പിക്കാത്തത്. എന്നാൽ സർക്കാരിന് ഇക്കാര്യത്തിൽ കൂട്ടായ തീരുമാനമുണ്ടോ എന്ന ചോദ്യവും ബാലഗോപാൽ ഉയർത്തി. മന്ത്രിസഭയിലെ അംഗങ്ങൾ കൂടി കാര്യങ്ങൾ അറിയുന്നുണ്ടോ എന്നത് പ്രധാനമാണ്. അതില്ലാത്തത് കൊണ്ടാണ് എക്സൈസ് മന്ത്രിക്ക് പോലും തുറന്ന് പറയേണ്ടിവന്നതെന്നാണ് വ്യക്തമാകുന്നതെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു. മദ്യനയത്തിൽ പ്രധാനപ്പെട്ട മന്ത്രിമാർക്ക് പോലും സംശയമാണ്. ഈ സർക്കാരിന് കൂട്ടായ നയവും തീരുമാനവുമില്ലെന്നും, കോൺഗ്രസിൽ പോലും യോജിപ്പ് ഇല്ലെന്നും അ​ദ്ദേഹം വിമർശിച്ചു. പി എം ശ്രീ പദ്ധതിയുടെ കാര്യത്തിൽ, ഒപ്പിട്ടതിലെ പോരായ്മകൾ മനസിലായത് കൊണ്ടാണ് എൽ ഡി എഫ് സർക്കാർ അത് നടപ്പാക്കുന്നില്ലെന്ന് തീരുമാനിച്ചതെന്നും ബാല​ഗോപാൽ കൂട്ടിച്ചേർത്തു.