ഇടപ്പള്ളിയിലെ വീട്ടിലേക്ക് ഭാര്യയ്ക്കും മക്കൾക്കുമൊപ്പമെത്തിയ ശ്രീശാന്തിനെ അച്ഛൻ ശാന്തകുമാരൻ നായർ മാലയിട്ട് വരവേറ്റു. ആറ് കൊല്ലത്തെ കാത്തിരിപ്പിനൊടുവിൽ നീതിപീഠം കനിഞ്ഞെന്ന് ശ്രീശാന്ത്
കൊച്ചി: ആജീവനാന്ത വിലക്ക് നീക്കിയ സുപ്രീം കോടതി നടപടിയ്ക്ക് ശേഷം ശ്രീശാന്ത് കൊച്ചിയിലെ വീട്ടിലെത്തി. രഞ്ജി ടീമിൽ കളിക്കുകയെന്നതാണ് ഇനി തന്‍റെ ലക്ഷ്യം എന്ന് ശ്രീശാന്ത് പറഞ്ഞു. ഇടപ്പള്ളിയിലെ വീട്ടിലേക്ക് ഭാര്യയ്ക്കും മക്കൾക്കുമൊപ്പമെത്തിയ ശ്രീശാന്തിനെ അച്ഛൻ ശാന്തകുമാരൻ നായർ മാലയിട്ട് വരവേറ്റു. ആറ് കൊല്ലത്തെ കാത്തിരിപ്പിനൊടുവിൽ നീതിപീഠം കനിഞ്ഞതിൽ സന്തോഷമെന്ന് ശ്രീശാന്ത് പറഞ്ഞു.
ഒരിക്കലും പരിശീലനം മുടക്കാത്തതിനാൽ തിരികെ മൈതാനത്ത് എത്താൻ ആകുമെന്ന പൂർണവിശ്വാസത്തിലാണ് ശ്രീശാന്ത്. രാജ്യാന്തര ക്രിക്കറ്റിൽ കളിക്കുക എന്നത് അത്ഭുതമാവാമെങ്കിലും രഞ്ജി ക്രിക്കറ്റിൽ കളിക്കാൻ ആകുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് പറഞ്ഞു.
18ന് ചേരാനിരിക്കുന്ന ബിസിസിഐ ഉന്നതാധികാരസമിതി യോഗത്തിലും കാര്യങ്ങൾ തനിക്ക് അനുകൂലമാകുമെന്നാണ് ശ്രീശാന്തിന്‍റെ പ്രതീക്ഷ. നെറ്റിയിൽ പരിക്കേറ്റതിനാൽ പത്ത് ദിവസത്തെ വിശ്രമത്തിന് ശേഷമാകും ശ്രീശാന്ത് പരിശീലനത്തിനിറങ്ങുക.
