Asianet News MalayalamAsianet News Malayalam

ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദും കുടുംബവും

"ആശ്ചര്യകരം" എന്നാണ് ഗുരുവായൂർ ക്ഷേത്ര ദർശനം പൂർത്തിയാക്കിയപ്പോഴുള്ള മുൻ  രാഷ്ട്രപതിയുടെ പ്രതികരണം. മുൻ രാഷ്ട്രപതി ഇസഡ് പ്ലസ് കാറ്റഗറിയിൽപ്പെട്ട വിഐപിയായതിനാൽ ക്ഷേത്രപരിസരത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയത്.

former indian president ramnath kovind and his family visit guruvayur temple
Author
First Published Jan 31, 2023, 9:10 PM IST

തൃശ്ശൂര്‍: മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദും കുടുംബവും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സന്ദർശനം. പത്നി സവിത കോവിന്ദ്, മകൾ സ്വാതി കോവിന്ദ്, പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ എന്നിവർക്കൊപ്പമായിരുന്നു മുൻ രാഷ്ട്രപതിയുടെ ഗരുവായൂര്‍ സന്ദര്‍ശനം. കസവ് മുണ്ടും വേഷ്ടിയുമായിരുന്നു വേഷം.  ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ,ഭരണ സമിതി അംഗങ്ങളായ സി. മനോജ്, കെ.ആർ. ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ദേവസ്വം ജീവനക്കാർ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. 

ദേവസ്വം ചെയർമാൻ രാംനാഥ് കോവിന്ദിനെ പൊന്നാടയണിയിച്ചു. തുടർന്ന് മേൽപുത്തൂർ ആഡിറ്റോറിയത്തിലും കിഴക്കേ നടയിലും നിന്നിരുന്ന ഭക്തജനങ്ങളെ കൈകൂപ്പി അഭിവാദ്യം ചെയ്ത ശേഷമാണ് മുൻ രാഷ്ട്രപതി ക്ഷേത്രത്തിൽ പ്രവേശിച്ചത്.  കൊടിമര ചുവട്ടിൽ നിന്ന് ആദ്യം ഗുരുവായൂരപ്പനെ തൊഴുത ശേഷം നാലമ്പലത്തിൽ കടന്നു. സോപാനപടിയിൽ നിന്ന് ഭഗവാനെ വീണ്ടും തൊഴുത് പ്രാർത്ഥിച്ചു. കാണിക്കയും സമർപ്പിച്ചു. പിന്നീട് ഗണപതി ഭഗവാനെ തൊഴുത് പ്രസാദം വാങ്ങി. ദർശനം പൂർത്തിയാക്കി കൊടിമര ചുവട്ടിൽ എത്തിയ മുൻ രാഷ്ട്രപതിക്കും കുടുംബാംഗങ്ങൾക്കും ദേവസ്വം ചെയർമാൻ പ്രസാദ കിറ്റ് നൽകി. 

 ദേവസ്വത്തിന്‍റെ ഉപഹാരമായി  ഭരണ സമിതി അംഗം കെ.ആർ.ഗോപിനാഥ് ചുമർചിത്രം രാംനാഥ് കോവിന്ദിന് സമ്മാനിച്ചു. ഗജരാജൻ ഗുരുവായൂർ കേശവനും പാപ്പാനായി ഗുരുവായൂരപ്പനും നിൽക്കുന്നത് ആവിഷ്കരിച്ച ചുമർചിത്രമാണ് നൽകിയത്. തുടർന്ന് ചെയർമാൻ ദേവസ്വം ഡയറിയും നൽകി.. "ആശ്ചര്യകരം" എന്നാണ് ഗുരുവായൂർ ക്ഷേത്ര ദർശനം പൂർത്തിയാക്കിയപ്പോഴുള്ള മുൻ  രാഷ്ട്രപതിയുടെ പ്രതികരണം.  മുൻ രാഷ്ട്രപതി ഇസഡ് പ്ലസ് കാറ്റഗറിയിൽപ്പെട്ട വിഐപിയായതിനാൽ ക്ഷേത്രപരിസരത്ത് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയത്. മുൻ രാഷ്ട്രപതിയുടെ സന്ദർശന ശേഷം പതിവ് പോലെ ഭക്തർ ക്ഷേത്ര ദർശനം തുടർന്നു.

 

Follow Us:
Download App:
  • android
  • ios