ഏഷ്യാനെറ്റ് ന്യൂസ് മാനേജിംഗ് എഡിറ്റർ മനോജ് കെ ദാസ് നൽകിയ പരാതിയിൽ സുധീപിനെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. നാളെ സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കെയാണ് കീഴടങ്ങല്‍.
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യുട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെ ഫേസ്ബുക്ക് പോസ്റ്റ് വഴി അപമാനിച്ച കേസില്‍ മുന്‍ സബ് ജഡ്ജ് എസ് സുദീപ് കോടതിയിൽ കീഴടങ്ങി. ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലാണ് സുദീപ് കീഴടങ്ങിയത്. ഏഷ്യാനെറ്റ് ന്യൂസ് മാനേജിംഗ് എഡിറ്റർ മനോജ് കെ ദാസ് നൽകിയ പരാതിയിൽ സുദീപിനെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. നാളെ സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കെയാണ് കീഴടങ്ങല്‍.
തുടർന്ന് കേസ് പരിഗണിച്ച കോടതി സുദീപിന് ജാമ്യം അനുവദിച്ചു. കേസ് അന്വേഷണവുമായി സഹകരിക്കണം എന്നാവശ്യപ്പെട്ട കോടതി ശനിയാഴ്ച രാവിലെ പത്ത് മണിക്കും വൈകിട്ട് അഞ്ച് മണിക്കും ഇടയിൽ കേസ് രജിസ്റ്റർ ചെയ്ത തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ സുദീപിന് നിർദ്ദേശം നൽകി. കേസിൽ സുദീപിന്റെ ജാമ്യ ഹർജി പബ്ലിക് പ്രോസിക്യൂട്ടർ എതിർത്തില്ല. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. ഇക്കാര്യം പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ഉന്നയിച്ചതേയില്ല.
2023 ജൂലൈ മൂന്നിനാണ് എസ് സുദീപ് കേസിന് ആസ്പദമായ ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഫേസ്ബുക്ക് കുറിപ്പ് വൈറലായതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരടക്കം നിരവധി പേര്‍ സിന്ധു സൂര്യകുമാറിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഫേസ്ബുക്ക് കുറിപ്പിനെതിരെ വിമര്‍ശനമുയര്‍ത്തിയവരെ പോലും അധിക്ഷേപിക്കുന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് സുദീപിന്‍റെ ഭാഗത്ത് നിന്ന് തുടര്‍ന്നും ഉണ്ടായത്. ഏഷ്യാനെറ്റ് ന്യൂസ് മാനേജിംഗ് എഡിറ്റര്‍ മനോജ് കെ ദാസ് നല്‍കിയ പരാതിയിലാണ് ഐപിസി 354 എ (1), ഐ ടി ആക്ടിലെ 67 വകുപ്പുകള്‍ പ്രകാരം ജൂലൈ 21-ന് തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തത്. പൊലീസ് സൈബര്‍ സെല്‍ നടത്തിയ പരിശോധനയില്‍ കേസിനാസ്പദമായ ഫേസ്ബുക്ക് പോസ്റ്റ് ചെയ്തത് എസ് സുദീപിന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
Also Read: 'ഗണേശഭക്തനാണ്'; ഗണപതിയെ പ്ലാസ്റ്റിക് സർജറിയുമായി ബന്ധപ്പെടുത്തിയതിനോടാണ് വിയോജിപ്പെന്ന് തരൂർ
വിവിധ വിഷയങ്ങളില്‍ എസ് സുദീപ് ഫേസ്ബുക്കിലൂടെ നടത്തിയ പ്രതികരണങ്ങള്‍ നേരത്തെ വിവാദമായിരുന്നു. തുടര്‍ന്ന് ഹൈക്കോടതി നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് 2021-ല്‍ പെരുമ്പാവൂർ സബ് ജഡ്ജി സ്ഥാനത്ത് നിന്ന് എസ് സുദീപിന് രാജി വച്ചൊഴിയേണ്ടി വന്നത്. ആലപ്പുഴ എരമല്ലൂര്‍ സ്വദേശിയായ എസ് സുദീപിനെതിരെ 2019 ഡിസംബറിലാണ് ഹൈക്കോടതി അന്വേഷണം ആരംഭിച്ചത്. 2020 -ല്‍ അന്വേഷണ റിപ്പോര്‍ട്ട് വന്നു. 2021-ല്‍ സുദീപിന് സബ് ജഡ്ജി സ്ഥാനം രാജി വച്ച് ഒഴിയേണ്ടി വന്നു. സമൂഹമാധ്യമങ്ങളില്‍ ന്യായാധിപന്മാര്‍ക്ക് യോജിക്കാത്ത രീതിയിലുള്ള അഭിപ്രായ പ്രകടനം നടത്തിയെന്ന് കണ്ടെത്തിയ ഹൈക്കോടതി പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെയായിരുന്നു സുദീപ് രാജി വച്ച് ഒഴിഞ്ഞത്. വിവാദപരമായ കാര്യങ്ങളില്‍ പ്രതികരിക്കരുതെന്ന ചട്ടം എസ് സുദീപ് ലംഘിച്ചെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
