അടിയൊഴുക്കുകളേക്കുറിച്ച് ആദ്യം പരാതി പറഞ്ഞത് റഹീമിനോടും കൂട്ടരോടുമാണ്. ഇവരാണ് ഇതിന് പിന്നിലെന്ന് തിരിച്ചറിയാന്‍ വൈകിയെന്നും കാരാട്ട് റസാഖ് പറയുന്നു.

കോഴിക്കോട്: പിടിഎ റഹീം എം എല്‍ എക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഇടത് എം എല്‍ എ കാരാട്ട് റസാഖ്. കഴിഞ്ഞ തവണ കൊടുവള്ളിയില്‍ തോല്‍പ്പിച്ചത് റഹീമും കൂട്ടരുമാണെന്നാണ് കാരാട്ട് റസാഖിന്‍റെ ആരോപണം. റഹീം വിഭാഗത്തിന്‍റെ വോട്ട് കഴിഞ്ഞ തവണ കിട്ടിയില്ല. എം കെ മുനീറിനെ തോല്‍പ്പിച്ച് താന്‍ നിയമസഭയില്‍ എത്തിയാല്‍ അവര്‍ പ്രതീക്ഷിച്ചത് കിട്ടില്ലെന്ന് കരുതിക്കാണമെന്നും കാരാട്ട് റസാഖ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

അടിയൊഴുക്കുകളേക്കുറിച്ച് ആദ്യം പരാതി പറഞ്ഞത് റഹീമിനോടും കൂട്ടരോടുമാണ്. ഇവരാണ് ഇതിന് പിന്നിലെന്ന് തിരിച്ചറിയാന്‍ വൈകിയെന്നും കാരാട്ട് റസാഖ് പറയുന്നു. മിനിറല്‍സ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ചെയര്‍മാനായി റഹീമിന്‍റെ ബന്ധു വി മുഹമ്മദിനെ നിയമിച്ചതിനെതിരെയും റസാഖ് പ്രതികരിച്ചു. നിയമനത്തിന്‍റെ മാനദണ്ഡമെന്താണെന്ന് ചോദിച്ച റസാഖ്, പരാതിക്കാരന്‍ പുറത്തും പ്രതി അകത്തും എന്നതാണ് സ്ഥിതിയെന്നും റസാഖ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലീഗ് ചര്‍ച്ച നടത്തിയെങ്കിലും സിപിഎമ്മിനൊപ്പം തന്നെ ഉറച്ച് നില്‍ക്കുമെന്നും റസാഖ് കൂട്ടിച്ചേര്‍ത്തു.

മുസ്ലിം ലീഗ് നേതാവായിരുന്ന കാരാട്ട് റസാഖ് 2016-ലാണ് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നത്. കൊടുവള്ളിയില്‍ നിന്നും നിയമസഭയിലേക്കെത്തിയ റസാഖ് കഴിഞ്ഞ തവണ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി എം കെ മുനീറിനോട് പരാജയപ്പെട്ടിരുന്നു.