സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരവിനൊരുങ്ങി മുൻ മന്ത്രി ജോസ് തെറ്റയിൽ. 

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരവിനൊരുങ്ങി മുൻ മന്ത്രി ജോസ് തെറ്റയിൽ. എൽഡിഎഫ് ആവശ്യപ്പെട്ടാൽ അങ്കമാലിയിൽ സ്ഥാനാർത്ഥിയാകുമെന്ന് ജോസ് തെറ്റയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. ഒളിക്യാമറ കേസ് സുപ്രീം കോടതി റദ്ദാക്കിയതോടെ വിവാദം ജനം മറന്ന് കഴിഞ്ഞെന്നാണ് ജോസ് തെറ്റയിൽ പറയുന്നത് .

വിവാദങ്ങളെ തുടർന്നുള്ള രാഷ്ട്രീയ വനവാസത്തിന് അവസാനം. തെരഞ്ഞെടുപ്പ് അങ്കത്തിലേക്ക് ആത്മവിശ്വാസത്തോടെ തയ്യാറെടുക്കുകയാണ് മുൻ മന്ത്രിയും ജെഡിഎസ് നേതാവുമായ ജോസ് തെറ്റയിൽ. യുഡിഎഫിൽ നിന്ന് സീറ്റ് തിരിച്ച് പിടിക്കുക എളുപ്പം. അങ്കമാലിക്കാർ തന്നെ കൈവിടില്ലെന്ന് തെറ്റയിൽ ഉറപ്പു പറയുന്നു.

ലൈംഗിക ആരോപണത്തിൽ കുടുങ്ങി 2013-ലാണ് ജോസ് തെറ്റയിലിനെതിരെ ഒളിക്യാമറ വിവാദം ആഞ്ഞടിച്ചത്. സോളാർ ചുഴിയിലായിരുന്ന യുഡിഎഫ് ഇത് രാഷ്ട്രീയ ആയുധമാക്കിയതോടെ അച്യുതാനന്ദൻ സർക്കാരിൽ ഗതാഗത മന്ത്രിയായിരുന്ന തെറ്റയിൽ പ്രതിരോധത്തിലായി.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മാറിനിൽക്കേണ്ടി വന്നെങ്കിലും കേസ് ഇല്ലാതായതോടെ തിരിച്ച് വരവിന് മറ്റ് തടസ്സങ്ങളില്ല. മറ്റ് വിഷയങ്ങൾ ഇല്ലെങ്കിൽ അങ്കമാലി സീറ്റ് എൽഡിഎഫ് ജെഡിഎസ്സിന് തന്നെ നൽകും. എന്നാൽ ജെഡിഎസ്സിൽ തന്നെ പലരും ഈ സീറ്റിനായി രംഗത്തുണ്ട്.