ഇലക്ഷന്‍ കമ്മീഷനെ കൂട്ട് പിടിച്ച് താന്‍ ചെയ്ത കുറ്റകൃത്യത്തില്‍ നിന്ന് രക്ഷപെടാമെന്ന് സുരേഷ് ഗോപി കരുതേണ്ടെന്ന് ടിഎന്‍ പ്രതാപന്‍

തൃശ്ശൂര്‍: വാനരർ പരാമർശം നടത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ്​ ഗോപിക്ക് മറുപടിയുമായി മുൻ എംപി ടിഎന്‍ പ്രതാപന്‍. വോട്ടർ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മറുപടി പറയാതെ സത്യം വിളിച്ച് പറയുന്നവരെ അപമാനിക്കുകയാണ് സുരേഷ് ഗോപി. ഇലക്ഷന്‍ കമ്മീഷനെ കൂട്ട് പിടിച്ച് താന്‍ ചെയ്ത കുറ്റകൃത്യത്തില്‍ നിന്ന് രക്ഷപെടാമെന്ന് സുരേഷ് ഗോപി കരുതേണ്ടെന്നും ടിഎന്‍ പ്രതാപന്‍ പറഞ്ഞു.

ഒരു വ്യക്തിയും കുടുംബവും താമസസ്ഥലം മാറിപോകുമ്പോള്‍ വോട്ട് മാറ്റി ചേര്‍ത്തത് പോലെയല്ല സുരേഷ് ഗോപിയും കുടുംബവും തൃശൂരില്‍ വോട്ട് ചേര്‍ത്തത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും മത്സരിക്കുമ്പോള്‍ അദ്ദേഹത്തിന് തിരുവനന്തപുരത്ത് തന്നെയാണ് വോട്ട്. എന്നാല്‍, ഇത്തവണ 75,000ത്തോളം വ്യാജ വോട്ടുകള്‍ ചേര്‍ക്കാനുള്ള ക്രിമിനല്‍ ഗൂഢാലോചനയില്‍ സുരേഷ് ഗോപിയും കുടുംബവും പങ്കാളികളാവുകയായിരുന്നു.

തൃശ്ശൂരിലാണ് താമസിക്കുന്നതെങ്കില്‍ ആ വിലാസത്തില്‍ വരാനിരിക്കുന്ന കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലേയ്ക്കുള്ള വോട്ടര്‍ പട്ടികയിലും സുരേഷ് ഗോപിയുടേയും കുടുംബത്തിന്റേയും പേരുകള്‍ ഉണ്ടാകേണ്ടതായിരുന്നു. എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയുടേയും കുടുംബത്തിന്റേയും വോട്ട് തിരുവനന്തപുരത്താണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത് പോലെ താമസസ്ഥലം മാറി സുരേഷ് ഗോപി വോട്ട് ചേര്‍ത്തതല്ല എന്ന് ഇതില്‍ നിന്നും വ്യക്തമാണ്. താമസസ്ഥലം മാറാതെ കൃത്രിമ രേഖയുണ്ടാക്കി തൃശൂരില്‍ വോട്ട് ചേര്‍ക്കുകയാണ് സുരേഷ് ഗോപി ചെയ്തത്. അത് പോലിസ് അന്വേഷണത്തില്‍ തെളിയും. ഈ ആരോപണത്തിനാണ് മറുപടി പറയേണ്ടത്. അതിന് പകരം സത്യം വിളിച്ച് പറയുന്നവരെ അപമാനിക്കാനാണ് സുരേഷ് ഗോപി ശ്രമിക്കുന്നത്. ഇത് സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ പാരമ്പര്യമുള്ള ഒരു ജനപ്രതിനിധിക്ക് ചേര്‍ന്നതല്ല. തൃശൂരിന്റെ പ്രതിനിധിയാകാനുള്ള യോഗ്യതയില്ലെന്ന് ഈ പരാമര്‍ശത്തിലൂടെ തെളിയിക്കുകയാണ് സുരേഷ് ഗോപി ചെയ്തതെന്നും ടിഎന്‍ പ്രതാപന്‍ പറഞ്ഞു.

YouTube video player