തിരുവനന്തപുരം: കെഎഎസ് പരീക്ഷ വിവാദമായ സാഹചര്യത്തില്‍ പിഎസ്‍സിയുടെ നിലപാട് തള്ളി മുന്‍ ചെയര്‍മാന്‍ കെ എസ് രാധാകൃഷ്ണന്‍. വിശ്വാസ്യത കാത്തുസൂക്ഷിക്കുക ആണ് പിഎസ്‍സിയുടെ പ്രാഥമിക കടമയെന്നായിരുന്നു കെ എസ് രാധാകൃഷ്ണന്‍റെ പ്രതികരണം. വിശ്വാസ്യത തകർന്നാൽ ഒന്നാമത്തെ ഉത്തരവാദി ചെയര്‍മാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ ചോദ്യ പേപ്പർ ചോർന്നു എന്ന് കണ്ടെത്തിയിട്ടും റദ്ദാക്കിയില്ല. ഇത് പിഎസ്‍സി വരുത്തിയ ഗുരുതര വീഴ്ച്ചയാണ്. കെഎഎസ് പരീക്ഷ ചോദ്യപേപ്പർ ചോർന്നു എന്ന്  കണ്ടെത്തിയാൽ പരീക്ഷ റദ്ദാക്കണമെന്നും കെ എസ് രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. പാകിസ്ഥാൻ സിവിൽ സർവീസ് ചോദ്യം കെഎഎസ് ചോദ്യപ്പേപ്പറിൽ വന്നത് ഗുരുതര വീഴ്ചയാണ്. പബ്ലിക് അഡ്മിനിസ്ട്രേഷൻ ലോകത്ത് എല്ലായിടത്തും ഒന്നാണെന്ന ചെയർമാന്‍റെ വാദം ശരിയല്ലെന്നും  രണ്ടും രണ്ട് സ്വഭാവമുള്ള രാജ്യങ്ങളാണെന്നും കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു. 

കെഎഎസ് പരീക്ഷയ്‍ക്കെതിരെ ഗുരുതര ആരോപണം പി ടി തോമസ് എംഎല്‍എ നടത്തിയിരുന്നു. കെഎഎസ് പരീക്ഷയിൽ പാകിസ്ഥാൻ സിവിൽ സർവ്വീസ് പരീക്ഷയിലെ ചോദ്യങ്ങൾ അതേപടി പകർത്തിയെന്നായിരുന്നു പി ടി തോമസിന്‍റെ ആരോപണം. ആറ് ചോദ്യങ്ങൾ പകർത്തിയെന്നാണ് എംഎല്‍എ ആരോപിക്കുന്നത്. സമഗ്രമായ അന്വേഷണം വേണമെന്ന് പി ടി തോമസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എംഎല്‍എയുടെ ആരോപണം പിഎസ്‍സിയുടെ വിശ്വാസ്യത തകര്‍ക്കാൻ വേണ്ടിയാണെന്നായിരുന്നു എം കെ സക്കീറിന്‍റെ പ്രതികരണം. കെഎഎസ് ചോദ്യങ്ങൾ തയ്യാറാക്കിയത് രാജ്യത്തെ പ്രമുഖരാണെന്നു അദ്ദേഹം പറഞ്ഞു.