ഇടുക്കി: തൊടുപുഴ മുൻ സിഐ എൻജി ശ്രീമോനെ സർവ്വീസിൽ നിന്ന് സസ്പെന്‍റ് ചെയ്തു. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ക്രൈം ബ്രാഞ്ച് എഡിജിപിയാണ് ഉത്തരവിറക്കിയത്. നിലവിൽ കോട്ടയം ക്രൈംബ്രാ‌ഞ്ച് സിഐയാണ് എൻജി ശ്രീമോൻ. സിവിൽ തർക്കങ്ങളിൽ അന്യായമായി ഇടപെട്ട് പരാതിക്കാരെ പീഡിപ്പിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്കാഖ് സിഐയെ അടിയന്തരമായി നീക്കാൻ നിർദ്ദേശം നൽകിയത്. ഇടുക്കി സ്വദേശി ബേബിച്ചൻ വർക്കി നൽകിയ പരാതിയിലാണ് കോടതി നടപടി. ശ്രീമോനെതിരായ 30 ഓളം പരാതികളിൽ വിജിലൻസ് അന്വേഷണത്തിനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.  

മുൻ തൊടുപുഴ സിഐയും ഇപ്പോൾ കോട്ടയം ക്രൈംബ്രാ‌ഞ്ച് സിഐയുമായി എൻജി ശ്രീമോനെതിരായ സ്വകാര്യ ഹർജിയിൽ വിജിലൻസ് ഐജി നടത്തിയ  അന്വേഷണ റിപ്പർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. ബേബിച്ചൻ വർക്കി നൽകിയ ഒരു വസ്തു ഇടപാട് കേസിൽ  എൻജി ശ്രീമോൻ എതിർ കക്ഷിക്ക് വേണ്ടി ഇടപെട്ടെന്നും തന്നെ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയെന്നും കോടതിയെ അറിയിച്ചു. മാത്രമല്ല അധികാര പരിധിയിലല്ലാത്ത നിരവധി കേസുകളിൽ സിഐ അനധികൃതമായി ഇടപെടാറുണ്ടെന്നും ഇത്തരം പരാതികളിൽ നടപടി ഉണ്ടാകുന്നില്ലെന്നും ബേബിച്ചൻ കോടതിയെ അറിയിച്ചിരുന്നു. 

ഇതേ തുടർന്നാണ്  ജസ്റ്റിസ് മുഹമ്മദ് മുഷ്കാഖ് വിജിലൻസ് ഐജിയോട് അന്വഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്. വിജിലൻസ് ഐജി എച്ച് വെങ്കിടേഷ് ആയിരം പേജുള്ള അന്വേഷണ റിപ്പോർട്ടാണ് കോടതിയ്ക്ക് കൈമാറിയത്. ഇതിൽ പതിനെട്ട് കേസുകളിൽ സിഐ  അധികാരം ദുർവിനിയോഗിച്ചെന്ന്  ചൂണ്ടികാട്ടുന്നു. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സിഐയെ എൻ.ജി ശ്രീമോനെ അടിയന്തരമായി നീക്കാനുള്ള നിർദ്ദേശം ക്രൈംബ്രഞ്ച് എഡിജിപിയ്ക്ക് നൽകിയത്. ശ്രീമോനെ പോലുള്ള ഉദ്യോഗസ്ഥൻ സമൂഹത്തിന് ആപത്താണെന്നും  കോടതി ചൂണ്ടികാട്ടി. വിവിധ സ്റ്റേഷനുകളിൽ ശ്രീമോനെതിരായി വന്ന മുപ്പതോളം പരാതികളിൽ വിശദമായ അന്വേഷണം നടത്താൻ വിജിലൻസ് ഐജിയ്ക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.