കണ്ണൂർ: കിഫ്ബിക്ക് പിന്നാലെ കണ്ണൂർ വിമാനത്താവളത്തിന്റെ സിഎജി ഓഡിറ്റും തടയുന്നു. അറുപത്തഞ്ച് ശതമാനം സർക്കാർ, പൊതുമേഖലാ ഓഹരി ഉണ്ടായിട്ടും സർക്കാർ കമ്പനിയല്ലെന്ന വിചിത്രവാദം ഉന്നയിക്കുകയാണ് കിയാൽ.

51 ശതമാനത്തിലധികം പൊതുമേഖല ഓഹരിയുള്ള കമ്പനികളുടെ ഓഡിറ്റ് നിർവ്വഹിക്കേണ്ടത് സിഎജിയുടെ നിയമപരമായ ഉത്തരവാദിത്തമാണ്. 2015-2016 വരെ കണ്ണൂർ ഇന്റർ നാഷണൽ എയർപോർട്ട് ലിമിറ്റഡ് എന്ന കിയാലിന്റെ ഓഡിറ്റ് നടത്തിയിരുന്നത് സിഎജിയാണ്. എന്നാൽ, 2017 മുതൽ കിയാൽ സിഎജി ഓഡിറ്റർമാരുടെ പരിശോധന തടഞ്ഞു. 

സംസ്ഥാന സർക്കാരിന് 35 ശതമാനം ഓഹരിയും മൂന്നിൽ ഒന്ന് ഡയറക്ടർമാരെ നിയമിക്കാനുള്ള അവകാശവും മാത്രമേ ഉള്ളുവെന്നും നിലവിലുള്ള കമ്പനി നിയമപ്രകാരം സർക്കാർ കമ്പനിയല്ലെന്നുമായിരുന്നു തടസവാദം. എന്നാൽ സർക്കാരിന്റെ നേരിട്ടുള്ള 33 ശതമാനവും പൊതുമേഖലാ സ്ഥാപനങ്ങൾ വഴിയുള്ള 32 ശതമാനവും ചേർത്ത് 65 ശതമാനം സർക്കാർ ഓഹരിയുണ്ടെന്നും അതിനാൽ സർക്കാർ കമ്പനിയാണെന്നും സിഎജി മറുപടി നൽകി. 

എന്നിട്ടും വഴങ്ങാതായതോടെ സിഎജി കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയത്തോട് വ്യക്തത തേടി. നിയമപ്രകാരം കിയാൽ സർക്കാർ കമ്പനി തന്നെയാണെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. എന്നിട്ടും സിഎജി ഉദ്യോഗസ്ഥരുടെ നിയമപരമായ കൃത്യനിർവ്വഹണം തുടർച്ചയായി തടസ്സപ്പെടുത്തുകയാണ് മുഖ്യമന്ത്രി ചെയർമാനായ വിമാനത്താവള കമ്പനി.

ഓഡിറ്റിനുള്ള ഭരണഘടനാപരമായ അവകാശം നടപ്പാക്കിത്തരണമെന്നാവശ്യപ്പെട്ട് 2019 ഫെബ്രുവരിയിൽ ചീഫ് സെക്രട്ടറിക്കും മാർച്ചിൽ മുഖ്യമന്ത്രിക്കും സിഎജി കത്ത് നൽകി. മറുപടിയില്ലാത്തിനാൽ കഴിഞ്ഞ ജൂലൈയിൽ ചീഫ് സെക്രട്ടറിക്ക് വീണ്ടും കത്തെഴുതി. കിയാലിന്റെ നിയമവിരുദ്ധ നടപടികൾ കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തെയും കമ്പനി രജിസ്ട്രാറെയും സിഎജി അറിയിച്ചു കഴിഞ്ഞു . 2017 മുതൽ 2019 വരെ സിഎജി നടത്തിയ കത്തിടപാടുകൾ പരിശോധിച്ചപ്പോൾ ഉയരുന്ന സംശയങ്ങൾ നിരവധിയാണ്.