മന്ത്രി സജി ചെറിയാന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. അടുത്ത അധ്യായന വർഷം മുതൽ ഉത്തരവ് നടപ്പില്‍ വരും

ആലപ്പുഴ: ചെങ്ങന്നൂരില്‍ ഒരു കിലോമീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്ന നാല് സ്കൂളുകൾ ഇനി ഒന്നാകും. ഇതോടെ അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒന്നു മുതൽ 12 വരെ ക്ലാസ്സുകൾ ഒറ്റ സ്കൂളിൽ പ്രവർത്തിക്കും. ചെങ്ങന്നൂർ കീഴ് ചേരിമേൽ ഗവ ജെബിഎസ്, ഗവൺമെന്റ് റിലീഫ് എൽപിഎസ്, ഗവ ഹൈസ്കൂൾ ഫോർ ബോയ്‌സ്, ജിവിഎച്ച്എസ്എസ് ഫോർ ഗേൾസ് എന്നിവ കൂട്ടിച്ചേർത്ത് ഒറ്റ സ്കൂളായി പ്രവർത്തിക്കാനാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.

മന്ത്രി സജി ചെറിയാന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. അടുത്ത അധ്യായന വർഷം മുതൽ ഉത്തരവ് നടപ്പില്‍ വരും. സ്കൂളുകളിൽ ചിലതിന് യോഗ്യത അനുസരിച്ചുള്ള കെട്ടിടങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. ചില സ്കൂളുകളില്‍ കുട്ടികളുടെ എണ്ണം തീരെ കുറവാണ്. അക്കാദമിക് നിലവാരം ഉയർത്താനും പുതിയ തീരുമാനം ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് നടപടി.

റിലീഫ് എൽ‌പി സ്കൂള്‍ കെട്ടിടത്തിന് ഫിറ്റ്നസ് ലഭിക്കാത്തതിനാൽ സ്കൂളിന്റെ പ്രവർത്തനം ചെങ്ങന്നൂർ കിഴക്കേ നട യുപിഎസിലേക്ക് മാറ്റിയിരിക്കുകയാണ്. കീഴ്‌ചേരിമേൽ ജെ ബി എസിൽ പഴക്കം ചെന്ന കെട്ടിടങ്ങൾ അറ്റകുറ്റപ്പണികൾ നടത്തേണ്ട സ്ഥിതിയാണ്. താത്കാലിക ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് മാത്രമാണുള്ളത്. 20 കുട്ടികളുള്ള ഇവിടെ ഒരു അദ്ധ്യാപിക മാത്രമേയുള്ളൂ. ബോയ്സ് ഹൈസ്കൂളിലാണ് നിലവിൽ ഗവൺമെന്റ് ആശുപത്രി പ്രവർത്തിക്കുന്നത്. നബാർഡ് ഫണ്ടിൽ നിന്നും 2 കോടി രൂപ ചെലവഴിച്ച് മൂന്ന് നില കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്.