മുഖ്യ ആസൂത്രകനും കൊലപാതകത്തിന് നേതൃത്വം നല്‍കിയതുമായ പട്ടാമ്പി സ്വദേശിയുടെ തിരിച്ചറിയൽ പരേഡ് ഉള്ളതിനാൽ പേര് വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. മറ്റുള്ളവരെ ബൈക്കുകൾ പൊളിച്ചു മാറ്റിയ പട്ടാമ്പിക്കടുത്ത ഓങ്ങല്ലൂരിലെ വർക്ക് ഷോപ്പിൽ തെളിവെടുപ്പിനായി കൊണ്ടുപോയി. 

പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ (Sreenivasan Murder Case) നാല് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനായ പട്ടാമ്പി സ്വദേശിയുടെയും സഹായികളായ അബ്ദുൾ നാസർ, ഹനീഫ, മരുതൂർ സ്വദേശി കാജാ ഹുസൈൻ എന്നിവരുടെയും അറസ്റ്റുകളാണ് രേഖപ്പെടുത്തിയത്. മുഖ്യ ആസൂത്രകനും കൊലപാതകത്തിന് നേതൃത്വം നല്‍കിയതുമായ പട്ടാമ്പി സ്വദേശിയുടെ തിരിച്ചറിയൽ പരേഡ് ഉള്ളതിനാൽ പേര് വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. മറ്റുള്ളവരെ ബൈക്കുകൾ പൊളിച്ചു മാറ്റിയ പട്ടാമ്പിക്കടുത്ത ഓങ്ങല്ലൂരിലെ വർക്ക് ഷോപ്പിൽ തെളിവെടുപ്പിനായി കൊണ്ടുപോയി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 20 ആയി.

മൂന്ന് ബൈക്കുകളിലായി ആറംഗ സംഘമാണ് പട്ടാപ്പകൽ നഗരമധ്യത്തിലെ കടയിൽ കയറി ശ്രീനിവാസനെ കൊലപ്പെടുത്തിയത്. ഇവർ എത്തുന്നതിന് മുൻപ് തന്നെ മേലാമുറിയിൽ സഹായികളായി ചിലർ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. ശ്രീനിവാസന്റെ നീക്കങ്ങൾ മനസിലാക്കി കൊലയാളി സംഘത്തെ വിളിച്ചു വരുത്തിയതും കൃത്യത്തിന് ശേഷം അവർക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയതും ഇവരായിരുന്നു. ഈ സംഘത്തിലെ നാല് പേർ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ഇവരിൽ നിന്നടക്കം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ പ്രതികളിലേക്കെത്തിയത്. 

പ്രതികൾ എത്തിയ ബൈക്ക് പൊളിച്ചതായി സംശയമുയർന്നിട്ടുണ്ട്. ഇതേത്തുടർന്ന് പട്ടാമ്പി ഓങ്ങലൂരിലെ പഴയ മാർക്കറ്റുകളിലെ വർക്ക് ഷോപ്പുകളിൽ കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തിയിരുന്നു. ഡിവൈഎസ്പി അനിൽ കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അറസ്റ്റിലായ പ്രതികളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്.

അതേസമയം, ശ്രീനിവാസന്‍ വധക്കേസ് പ്രതിയായ കാവില്‍പ്പാട് സ്വദേശി ഫിറോസിന്റെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായി. ബൈക്കിലെത്തിയ സംഘം ഫിറോസിന്റെ വീടിന് നേരെ പെട്രോള്‍ നിറച്ച കുപ്പികൾ എറിയുകയായിരുന്നു. ഉഗ്ര ശബ്ദം കേട്ടാണ് ഫിറോസിന്റെ കുടുംബം എഴുന്നേല്‍ക്കുന്നത്. ഉടന്‍ പൊലീസിനെ വിവരം അറിയിച്ചുവെന്ന് കുടുംബം പറയുന്നു. സംഭവത്തില്‍ ഹേമാംബിക നഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാഷ്ട്രീയ വിരോധം മൂലം അക്രമികള്‍ ഫിറോസിന്റെ വീട് ആക്രമിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. അയ്യായിരം രൂപയുടെ നാശ നഷ്ടമാണ് വീടിനുണ്ടായത്. ആക്രമത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് എസ്ഡിപിഐ ജില്ലാ നേതൃത്വം ആരോപിച്ചു. എന്നാല്‍ അടിസ്ഥാന രഹിതമായ ആരോപണമെന്നാണ് ആര്‍എസ്എസിന്റെ പ്രതികരണം. 

ശ്രീനിവാസന്‍ വധം : എതിരാളികളുടെ പട്ടിക തയ്യാറാക്കിയുള്ള കേരളത്തിലെ ആദ്യ കൊലപാതകം, പൊലീസ് കോടതിയില്‍

പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍റേത് പട്ടിക തയ്യാറാക്കി നടത്തിയ കൊലപാതകമെന്ന് അന്വേഷണ സംഘം കോടതിയില്‍. കൊലപാതകത്തിനായി വലിയ ഗൂഡാലോചന നടത്തിയെന്നും നാല് പ്രതികളുടെ കസ്റ്റഡി അപേക്ഷയില്‍ പൊലീസ് കോടതിയെ അറിയിച്ചു. കസ്റ്റഡി അപേക്ഷയുടെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. ശ്രീനിവാസന്‍റെ കൊലപാതക ഗൂഡാലോചനയില്‍ അറസ്റ്റിലായ മുഹമ്മദ് ബിലാല്‍, റിയാസുദ്ദീന്‍, സഹദ്, മുഹമ്മദ് റിസ്വാന്‍ എന്നിവരുടെ കസ്റ്റഡി അപേക്ഷയിലാണ് കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘം വെളിപ്പെടുത്തിയത്. 

മുഹമ്മദ് ബിലാലും റിയാസുദ്ദീനും ഗൂഡാലോചനയില്‍ പങ്കെടുക്കുകയും പ്രതികള്‍ക്ക് ആയുധമെത്തിക്കുന്നതില്‍ സഹായിക്കുകയും ചെയ്തു. റിസ്വാനാണ് പ്രതികളുടെ മൊബൈല്‍ ഫോണ്‍ ശേഖരിച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചത്. എതിരാളികളുടെ പട്ടിക തയാറാക്കി കൊലപ്പെടുത്തിയ കേരളത്തിലെ ആദ്യ സംഭവമാണിതെന്നും പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കുമെന്നും പൊലീസ് റിമാന്‍റ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. ഇതു പരിഗണിച്ചാണ് കോടതി നാല് പ്രതികളെയും ഞായറാഴ്ച്ച വരെ കസ്റ്റഡിയില്‍ നല്‍കിയത്. പ്രതികളുടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി ചോദ്യം ചെയ്യലിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.