ഇടുക്കി: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതി മരിച്ച സംഭവത്തില്‍ നെടുങ്കണ്ടം സ്റ്റേഷനിലെ നാല് പൊലീസുകാരെ കൂടി സസ്പെൻഡ് ചെയ്തു. റൈറ്റർ റോയ് പി വർഗീസ്, അസി റൈറ്റർ ശ്യാം, സീനിയർ സിപിഒമാരായ  സന്തോഷ്‌, ബിജു ലൂക്കോസ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്ത്. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനാണ് ജില്ലാ പൊലീസ് മേധാവിയുടെ നടപടി. ഇതോടെ സംഭവത്തിൽ ശിക്ഷാനടപടി ലഭിക്കുന്ന പൊലീസുകാരുടെ എണ്ണം 17 ആയി. 

സംഭവത്തിൽ നെടുങ്കണ്ടം സ്റ്റേഷനിലെ മൂന്ന് പൊലീസുകാരെ കൂടി ഇന്ന് സ്ഥലം മാറ്റിയിരുന്നു. എഎസ്ഐ റോയ്, രണ്ട് സിപിഒമാർ എന്നിവരെയാണ് എആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയത്. നേരത്തെ, നെടുങ്കണ്ടം എസ്ഐ ഉൾപ്പടെ നാല് പേരെ സസ്പെൻഡ് ചെയ്യുകയും സിഐ ഉൾപ്പടെ ആറ് പേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഇതിനിടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഐജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ ഡിജിപി ഉത്തരവിട്ടു. 

നെടുങ്കണ്ടം തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പീരുമേട് ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് പ്രതി രാജ്കുമാർ മരണപ്പെട്ടത്. നെഞ്ചുവേദനയെ തുടർന്ന് ജയിലിൽ നിന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച പ്രതി വൈകാതെ മരിക്കുകയായിരുന്നു. രാജ്കുമാറിന് മർദ്ദനമേറ്റതായി പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ സ്ഥിരീകരിച്ചിരുന്നു. അന്വേഷണ സംഘം നാളെ നെടുങ്കണ്ടം സ്റ്റേഷനിൽ എത്തി തെളിവെടുപ്പ് നടത്തും.