Asianet News MalayalamAsianet News Malayalam

നെയ്യാറ്റിൻകരയിൽ വ്യാജമദ്യക്കടത്ത്; കൊലപാതകക്കേസ് പ്രതികള്‍ ഉള്‍പ്പടെ നാല് പേര്‍ പിടിയില്‍

നരുവാമൂട് സ്വദേശികളായ സജു, വിഷ്ണു എസ് രാജ്, പാപ്പനംകോട് സ്വദേശി ഹരിദാസ്, നേമം സ്വദേശിയായ രജിം റഹീം എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. 

four people were arrested on neyyattinkara hooch case
Author
Trivandrum, First Published Jun 6, 2021, 7:14 PM IST

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വ്യാജമദ്യക്കടത്ത് നടത്തിയ നാല് പേർ എക്സൈസ് പിടിയിൽ. കൊലപാതകക്കേസിലെ രണ്ട് പ്രതികളുൾപ്പടെയുളള സംഘത്തെയാണ് നെയ്യാറ്റിൻകര എക്സൈസ് അറസ്റ്റ് ചെയ്തത്. നരുവാമൂട് സ്വദേശികളായ സജു, വിഷ്ണു എസ് രാജ്, പാപ്പനംകോട് സ്വദേശി ഹരിദാസ്, നേമം സ്വദേശിയായ രജിം റഹീം എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. 

ഇവരിൽ സജുവും ഹരിദാസും നരുവാമൂട് ഇരട്ടക്കൊലപാതക കേസിലെ പ്രതികളാണ്. രണ്ട് കുപ്പി വ്യാജമദ്യവുമായി രജീമാണ് ആദ്യം എക്സൈസിന്‍റെ പിടിയിലായത്. തുടർന്ന് രജീമിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബാക്കി മൂന്നുപേരും അറസ്റ്റിലായത്. ഇവരിൽ നിന്നും 25000 രൂപയും വ്യാജമദ്യവും നാല് മൊബൈൽ ഫോണുകളും എക്സൈസ് പിടിച്ചെടുത്തു. മദ്യം കടത്താനുപയോഗിച്ച മഹീന്ദ്രജീപ്പും എക്സൈസ് കണ്ടെടുത്തിട്ടുണ്ട്.

ലോക്ക്ഡൗണ്‍ കാലത്ത് ലക്ഷങ്ങളുടെ വ്യാജമദ്യം ഇവർ വിറ്റതായി പ്രതികൾ എക്സൈസിന് മൊഴി നൽകിയിട്ടുണ്ട്. ഒരു കുപ്പി വ്യാജമദ്യത്തിന് 2500 രൂപ വരെ ഇവർ ഈടാക്കിയിരുന്നു. ജില്ലയിലെ വ്യാജമദ്യ കച്ചവടത്തിലും വിതരണത്തിലും സംഘത്തിന് വലിയ പങ്കുണ്ടെന്ന്  എക്സൈസ് പറഞ്ഞു. ക്വട്ടേഷൻ സംഘത്തിന്‍റെ ഉൾപ്പടെയുള്ള സഹായത്തോടെയാണ് പ്രതികൾ  മദ്യം ചില്ലറ വിൽപ്പനക്കാർക്ക് എത്തിച്ച് നൽകിയിരുന്നതെന്ന് എക്സൈസ് അറിയിച്ചു. 

Follow Us:
Download App:
  • android
  • ios