ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്ന് ഹൈക്കോടതി. ഇതിനിടെ, എഫ്ഐആറും രേഖകളും ആവശ്യപ്പെട്ട് ഇഡി അപേക്ഷ നൽകി

കൊച്ചി/കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതികളായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്ന് ഹൈക്കോടതി. ഇരുവരുടെയും ജാമ്യാപേക്ഷ തളളിക്കൊണ്ടുളള ഉത്തരവിലാണ് സിംഗിൾ ബെഞ്ചിന്‍റെ നിർദേശം. ഇരുവരുടെയും ജാമ്യാപേക്ഷ ജസ്റ്റീസ് ബദറുദ്ദീൻ ഇന്നലെ നിരസിച്ചിരുന്നു. സന്നിധാനത്തെ അമൂല്യവസ്തുക്കളിൽ നിന്ന് സ്വർണം കവർന്നതിന് പിന്നിൽ വലിയ ഗൂഡാലോചനയുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട വൻ തോക്കുകൾ പുറത്തുവരാനുണ്ടെന്നും കോടതി നിരീക്ഷിച്ചു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് മുൻകൂർ ജാമ്യാപേക്ഷ തളളുന്നതെന്നും ഉത്തരവിലുണ്ട്. ഇതിനിടെ, കേസിൽ പ്രതിയായ തിരുവാഭരണം മുൻ കമ്മീഷണർ കെ.എസ് ബൈജുവിന്‍റെ റിമാൻഡ് കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. കെ.എസ് ബൈജുവിന്‍റെ ജാമ്യാപേക്ഷ നേരത്തേ കോടതി തള്ളിയിരുന്നു. ഇതിനിടെ, ശബരിമല സ്വര്‍ണ കൊള്ളയിലെ കള്ളപ്പണ വെളുപ്പിക്കൽ അന്വേഷിക്കുന്നതിന്‍റെ ഭാഗമായി രേഖകള്‍ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കൊല്ലം വിജിലന്‍സ് കോടതിയിൽ അപേക്ഷ സമര്‍പ്പിച്ചു. കേസിലെ എഫ്ഐആറും മൊഴി പകര്‍പ്പും അടക്കമുള്ള അനുബന്ധ രേഖകളും വേണമെന്നാണ് ആവശ്യം. ഇഡിയുടെ അപേക്ഷ ഡിസംബര്‍ പത്തിന് കോടതി പരിഗണിക്കും. സ്വര്‍ണ കൊള്ള കേസിൽ അന്വേഷണം നടത്തുന്നതിന് മുന്നോടിയായിട്ടാണ് രേഖകള്‍ ആവശ്യപ്പെട്ടുള്ള കേന്ദ്ര ഏജന്‍സിയുടെ നീക്കം. 

മുൻ അഡ്മിനിസ്ട്രേറ്റീസ് ഓഫീസർ എസ് ശ്രീകുമാർ , മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ എന്നിവരു‍ടെ ജാമ്യ ഹർജികള്‍ ഇന്നലെയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തളളിയത്. ഇരുവർക്കും ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എസ് ഐ ടി അറിയിച്ചു. ഈ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അന്വേഷണവുമായി സഹകരിക്കാമെന്നുമായിരുന്നു ജയശ്രീയുടെ നിലപാട്. ഉദ്യോഗസ്ഥനെന്ന നിലയിൽ മേൽത്തട്ടിൽ നിന്നുളള നിർദേശം അനുസരിച്ച് ഫയൽ നീക്കുകമാത്രമാണ് ചെയ്തതെന്നായിരുന്നു ശ്രീകുമാറിന്‍റെ വാദം. അതേസമയം, കേസിൽ പ്രതിയായ ദേവസ്വം മുൻ പ്രസിഡന്‍റ് എൻ വാസുവിന്‍റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. നേരത്തെ ഒരു തവണ റിമാൻഡ് നീട്ടിയിരുന്നു. റിമാൻഡ് നീട്ടുന്നതിനായി എൻ വാസുവിനെ ഇന്ന് കൊല്ലം വിജിലൻസ് കോടതിയിലെത്തിക്കും. കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയായ എൻ വാസുവിന്‍റെ ജാമ്യാപേക്ഷ ഇക്കഴിഞ്ഞ ഡിസംബര്‍ മൂന്നിന് കൊല്ലം വിജിലന്‍സ് കോടതി തള്ളികളഞ്ഞിരുന്നു. 2019ൽ ദേവസ്വം കമ്മീഷണറായിരുന്ന വാസു നൽകിയ ശുപാര്‍ശുടെ അടിസ്ഥാനത്തിലാണ് കട്ടിളപ്പാളിയിലെ സ്വര്‍ണം ചെമ്പാണെന്ന് രേഖപ്പെടുത്തിയതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. മുരാരി ബാബു നൽകിയ കത്ത് ഉചിതമായ തീരുമാനമെടുക്കുന്നതിന് ബോർഡിന് കൈമാറുക മാത്രമാണ് ചെയ്തതെന്നും താൻ വിരമിച്ചതിനുശേഷമാണ് പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്നുമാണ് എൻ വാസുവിന്‍റെ വാദം.