Asianet News MalayalamAsianet News Malayalam

ഡിആർഐ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: കരിപ്പൂർ വിമാനത്താവളത്തിലെ നാല് ജീവനക്കാർ അറസ്റ്റിൽ

വിദേശത്ത് നിന്നും സ്വർണം വിമാനത്താവളത്തിലേക്ക് കടത്തി കൊണ്ടു വന്നത് ഒന്നിലേറെ യാത്രക്കാരാണെന്ന നിഗമനത്തിലാണ് ഡിആർഐ ഇപ്പോൾ ഉള്ളത്. 

four persons arrested for Attacking DRI officers
Author
Karipur, First Published Sep 7, 2020, 10:53 AM IST

കോഴിക്കോട്: കരിപ്പൂരിൽ നിന്നും സ്വർണം കടത്താൻ ശ്രമിക്കുന്നത് തടഞ്ഞ ഡിആർഐ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ അന്വേഷണം ശക്തിപ്പെടുത്തി ഡിആർഐ. വിമാനത്താവളത്തിലൂടെ സ്വർണം കടത്താൻ സഹായിച്ച നാല് പേരെ ഡിആർഐ കസ്റ്റഡിയിലെടുത്തു. കരിപ്പൂർ വിമാനത്താവളത്തിലെ ക്ലീനിംഗ് സൂപ്പർ വൈസർമാരെയാണ് കസ്റ്റഡിയിലെടുത്തത്. 

വിദേശത്ത് നിന്നും സ്വർണം വിമാനത്താവളത്തിലേക്ക് കടത്തി കൊണ്ടു വന്നത് ഒന്നിലേറെ യാത്രക്കാരാണെന്ന നിഗമനത്തിലാണ് ഡിആർഐ ഇപ്പോൾ ഉള്ളത്. ഇന്നലെ ഡിആർഐ ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം കരിപ്പൂരിൽ നിന്നും ഓടി രക്ഷപ്പെട്ട അരീക്കോട് പത്തനാപുരം സ്വദേശി ഫസലിനായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. 

വിമാനത്താവളത്തിൽ പരിശോധകരെ വെട്ടിച്ച് കൊണ്ട് വന്ന സ്വർണ്ണം കടത്താൻ ശ്രമിച്ച സംഘമാണ് ഇന്നലെ എയർപോർട്ട് റോഡിൽ വച്ച് അക്രമണം നടത്തിയത്. ബൈക്കിലെതത്തിയ ഡിആർഐ സംഘം ഇന്നോവകാറിന് കൈ കാട്ടിയപ്പോൾ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 
ആക്രമണത്തിൽ ഡിആർഐ ഓഫീസർ ആൽബർട്ട് ജോർജ്ജ്, ഡ്രൈവർ നജീബ് എന്നിവർക്ക് പരിക്കേറ്റു. 

നജീബിന്റെ  പരിക്ക് സാരമുള്ളതാണ്. കാലിന്റെ എല്ലിന് പൊട്ടലുണ്ട്..ഉദ്യോഗസ്ഥരെ ഇടിച്ചതോടെ നിയന്ത്രണം  വിട്ട കാർ വഴിയോരത്തെ മരത്തിലിടിച്ചു നിന്നു.  കാറിലുണ്ടായിരുന്ന സ്വർണ്ണക്കടത്ത് സംഘത്തിലെ പ്രധാനി  കൊടുവള്ളി സ്വദേശി നിസാർ പിടിയിലായി. മിശ്രിതരൂപത്തിലാണ് സ്വർണ്ണം കടത്തിയത്. ഇത് കസ്റ്റംസ് പരിശോധന മറികടന്ന് കടത്തിയതാണെന്നാണ് സൂചന. 

വിമാനത്തിന്റെ ടോയ്ലെറ്റിൽ ഒളിപ്പിച്ച സ്വർണ്ണം ജീവനക്കാർ വഴി പുറത്തെത്തിച്ചതാകാമെന്നാണ് വിലയിരുത്തൽ. രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഡിആർഐ കാർ പരിശോധിക്കാൻ ശ്രമിച്ചത്. മലപ്പുറം ഊർങ്ങാട്ടിരി  സ്വദേശി ഷീബയുടെ പേരിലുള്ളതാണ് സ്വർണ്ണം കടത്തിയ ഈ കാർ. 

Follow Us:
Download App:
  • android
  • ios