ഇതിൽ മൂന്നാം പ്രതിയായ മുഹമ്മദ് ഹനീഫ 2008 ലെ സത്താർ കൊലക്കേസ് അടക്കം 12 ഓളം കേസുകളില്‍  പ്രതിയാണ്. 

തിരുവനന്തപുരം: വിപണിയിൽ 10 ലക്ഷം രൂപ വിലവരുന്ന 97 ഗ്രാം എം ഡി എം എ വർക്കല ഇടവയില്‍ പിടികൂടി. സംഭവത്തിൽ നാല് യുവാക്കൾ അറസ്റ്റിലായി. മടവൂർ സ്വദേശി റിയാദ്, നാവായിക്കുളം സ്വദേശി അർഷാദ്, പൂന്തുറ സ്വദേശി മുഹമ്മദ് ഹനീഫ, പെരുമാതുറ സ്വദേശി ഷാഹിൻ എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ മൂന്നാം പ്രതിയായ മുഹമ്മദ് ഹനീഫ 2008 ലെ സത്താർ കൊലക്കേസ് അടക്കം 12 ഓളം കേസുകളില്‍ പ്രതിയാണ്. ആന്ധ്രയില്‍ നിന്നാണ് പ്രതികള്‍ മയക്കുമരുന്ന് വര്‍ക്കലയില്‍ എത്തിച്ചത്. ഡാന്‍സാഫ് ടീമും അയിരൂര്‍ പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി നഴ്സിംഗ് വിദ്യാർത്ഥികളായ ദമ്പതികളെയും എക്സൈസ് പിടികൂടി. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി പ്രജിൻ, ഭാര്യ ദർശന എസ് പിള്ള എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. ഇവരിൽ നിന്നും 200 നൈട്രോസെപാം ഗുളികകള്‍ പിടിച്ചെടുത്തു. ചാക്കയിൽ വച്ചാണ് ഇവരുവരെയും എക്സൈസ് പിടികൂടിയത്. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഇരുവരെയും പിടികൂടിയത്. മെഡിക്കൽ വിദ്യാർത്ഥികളായ രണ്ട് പേരും ഡോക്ടർമാരുടെ വ്യാജ കുറിപ്പടി ഉപയോഗിച്ചാണ് ഗുളികള്‍ വാങ്ങിയിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ലഹരി ഗുളികള്‍ വിൽക്കുന്ന ഏജൻറുമാർക്കാണ് രണ്ടുപേരും ഗുളികകള്‍ കൈമാറിയിരുന്നത്. എക്സൈസ് ഇൻസ്പെക്ടർ ഷിജുവിൻെറ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ റിമാൻഡ് ചെയ്തു.