കഴിഞ്ഞ ദിവസമാണ് തന്‍റെ പ്രിയപ്പെട്ട തത്തയെ അന്വേഷിക്കുന്ന ഉടമയുടെ വാര്‍ത്ത പലരും ഷെയര്‍ ചെയ്‍തത്. കളമശ്ശേരിയിലെ ഫാ. റെക്സ് ആണ് തന്‍റെ മലയാളം, തമിഴ് പാട്ടുകള്‍ പാടുകയും മറ്റ് ജീവികളുടെ ശബ്‍ദം അനുകരിക്കുകയും ചെയ്യുന്ന ആഫ്രിക്കന്‍ ഗ്രേ തത്തയെ കണ്ടെത്താന്‍ സഹായിക്കണമെന്നഭ്യര്‍ത്ഥിച്ചത്. കൂട്ടുകാരനെ പോലെ കൂടെ കൂട്ടിയ തത്തയെ കാണാത്തതില്‍ വലിയ വിഷമത്തിലായിരുന്നു ഫാ. റെക്സ്. ശനിയാഴ്‍ചയാണ് തത്തയെ കാണാതാവുന്നത്. കഴിയും വിധത്തിലെല്ലാം തത്തയെ കണ്ടെത്താനുള്ള അന്വേഷണവും നടത്തി. തത്തയെ കാണാനില്ലെന്നും കണ്ടെത്താന്‍ സഹായിക്കണമെന്നും കാണിച്ച് വാര്‍ത്തയും വന്നിരുന്നു. 

ഇതിനുപിന്നാലെ ഇന്നലെ വൈകുന്നേരമാണ് തത്തയെ കണ്ടെത്തിയത്. കുറച്ചുമാറിയുള്ള ഒരു കുടുംബത്തിനാണ് തത്തയെ കിട്ടിയത്. അവര്‍ ഫാ. റെക്സിനെ വിളിച്ച് വിവരമറിയിക്കുകയും അദ്ദേഹവും സുഹൃത്തുക്കളും ചെന്ന് തത്തയെ തിരികെ കൊണ്ടുവരികയുമായിരുന്നു. തത്തയെ കണ്ടെത്താന്‍ സഹായിച്ചവര്‍ക്കെല്ലാം നന്ദിയുണ്ടെന്ന് ഫാ. റെക്സ് പറഞ്ഞു. 

ഫാ. ജോസഫ് അറക്കപ്പറമ്പില്‍ കളമശ്ശേരി ലിറ്റില്‍ ഫ്ലവര്‍ എഞ്ചിനീയറിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിന്‍റെ അസോ. ഡയറക്ടറും സൗണ്ട് എഞ്ചിനീയറിംഗ് ഡിപാര്‍ട്‍മെന്‍റ് തലവനുമാണ്. ഒരു പാട്ട് പഠിക്കുന്നതിനിടയില്‍ പെട്ടെന്ന് പറന്നുപോവുകയായിരുന്നു തത്ത. അടുത്തെവിടെയെങ്കിലും കാണുമെന്ന് കരുതിയില്ലെങ്കിലും കണ്ടെത്താനായില്ല എന്ന് ഫാ. റെക്സ് പറയുന്നു. ഒരുപാട് സുഹൃത്തുക്കളെയൊക്കെ വിളിച്ചു നോക്കിയെങ്കിലും ഫലമുണ്ടായിരുന്നില്ല. മൂന്നുവര്‍ഷം മുമ്പാണ് പക്ഷികളോടുള്ള ഫാ. റെക്സിന്‍റെ ഇഷ്‍ടത്തെ തിരിച്ചറിഞ്ഞ് അദ്ദേഹത്തിന് ഒരു സുഹൃത്ത് അപ്പുവിനെ സമ്മാനമായി നല്‍കിയത്. അദ്ദേഹം തന്നെയാണ് അവനെ പാടാനും അനുകരിക്കാനുമെല്ലാം പഠിപ്പിച്ചത്. 

ഏതായാലും തത്തയെ തിരികെ കിട്ടിയതില്‍ നന്ദി പറയുകയാണ് ഫാ. റെക്സ്.