കാലങ്ങൾക്ക് ശേഷം സമൂഹത്തോട് നേരിട്ട് സംസാരിക്കാൻ തീരുമാനിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി ഫ്രാങ്കോ മുളക്കൽ കേസിലെ അതിജീവിത സിസ്റ്റർ റാണിറ്റ്

തിരുവനന്തപുരം: കാലങ്ങൾക്ക് ശേഷം സമൂഹത്തോട് നേരിട്ട് സംസാരിക്കാൻ തീരുമാനിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി ഫ്രാങ്കോ മുളക്കൽ കേസിലെ അതിജീവിത സിസ്റ്റർ റാണിറ്റ്. ഇപ്പോൾ സംസാരിക്കണമെന്നും സ്വന്തം മുഖം വെളിപ്പെടുത്തണം എന്നും തോന്നിയതിന് പിന്നില്‍ നടിആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയാണെന്ന് സിസ്റ്റർ റാണിറ്റ് പറയുന്നു. അവരില്‍ നിന്ന് ലഭിച്ച പ്രചോദനമാണ് കേരളത്തോട് തുറന്നു പറയണം എന്ന് തോന്നിയത് എന്നും അവർ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

നടി ആക്രമിക്കപ്പെട്ട കേസിലെ വിധി എന്നെ വല്ലാതെ വേദനിപ്പിച്ചു. സത്യം പറഞ്ഞാല്‍ ആ വിധിയുടെ തലേദിവസവും വിധി വന്നപ്പോഴും ഞാൻ എന്‍റെ പഴയ അനുഭവങ്ങളിലേക്ക് പോയി. അവൾക്ക് നീതി കിട്ടിയില്ല എന്ന് എന്‍റെ ഉള്ള് പറയാൻ തുടങ്ങി. അതുകൊണ്ടാണ് ഞാൻ വീണ്ടും പുറത്തേക്ക് വരാൻ തീരുമാനിച്ചത്. ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രി വിളിച്ച വിരുന്നിന് വിധി വന്ന സമീപ ദിവസത്തില്‍ തന്നെ പോയി. അതെന്നിക്ക് വലിയ പ്രചോദനമായി എന്തുമാത്രം സഹിച്ചും വേദനിച്ചുമായിരിക്കും ആ നടി ആ വേദിയില്‍ എത്തിയിട്ടുണ്ടാവുക. അതെനിക്ക് പ്രചോദനം തന്നു.

സഭയെ അധിക്ഷേപിക്കുകയല്ല ചെയ്തത്. സഭാ നേതൃത്വത്തിന്‍റെ നിശബ്ദതയാണ് തെരുവിലേക്കെത്തിച്ചത്. ബിഷപ് ഫ്രാങ്കോ തന്നെ കോട്ടയം എസ്പിക്ക് കേസ് കൊടുക്കുകയായിരുന്നു. അതില്‍ പറയുന്നത് കുറവിലങ്ങാട് താമസിക്കുന്ന സിസ്റ്റർമാർ ബിഷപ് നാട്ടില്‍ വരുമ്പോൾ കൊല്ലാൻ ശ്രമിക്കുന്നു എന്നാണ്. അതിന്‍റെ പേരില്‍ എന്‍റെ സഹോദരനെ കുറവിലങ്ങാട് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ആ സമയത്താണ് ഞാൻ സഭാ അധികാരികൾക്ക് എഴുതിയ കത്ത് എന്‍റെ സഹോദരന്‍റെ കയ്യില്‍ ഞാൻ കൊടുത്തുവിടുന്നത്. ഇത് നീ പൊലീസുകാരെ കാണിക്കണം എന്നും അവരോട് സത്യം പറയണം എന്നും പറഞ്ഞാണ്. ആ കത്ത് കൊടുക്കുന്നത്, അല്ലെങ്കില്‍ ഇതൊരിക്കലും പുറത്ത് വരില്ലായിരുന്നു എന്നും സിസ്റ്റർ റാണറ്റ് പറയുന്നു.

അഭിമുഖത്തിന്‍റെ പൂർണരൂപം

YouTube video player