കേസില്‍ നിയമപോരാട്ടം തുടരുമെന്ന് സിസ്റ്റർ റാനിറ്റ് വ്യക്തമാക്കി. സ്പെഷ്യൽ പ്രോസിക്യൂട്ടറെ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. കിട്ടിയില്ലെങ്കിലും നിയമപോരാട്ടം തുടരുമെന്ന് സിസ്റ്റർ റാനിറ്റ് പ്രതികരിച്ചു.

കോട്ടയം: ഫ്രാങ്കോ മുളയ്ക്കൽ കേസിലെ അതിജീവിത സിസ്റ്റര്‍ റാണിറ്റ് ഉള്‍പ്പെടെ കുറവിലങ്ങാട് മഠത്തിലെ അന്തേവാസികളായ മൂന്ന് കന്യാസ്ത്രീകൾക്ക് റേഷൻ കാർഡ് കൈമാറി. ജില്ലാ സപ്ലൈ ഓഫീസർ മഠത്തിലെത്തിയാണ് കാർഡുകൾ കൈമാറിയത്. കേസില്‍ നിയമപോരാട്ടം തുടരുമെന്ന് സിസ്റ്റർ റാനിറ്റ് വ്യക്തമാക്കി. സ്പെഷ്യൽ പ്രോസിക്യൂട്ടറെ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. പ്രോസിക്യൂട്ടറെ അനുവദിക്കും എന്ന് തന്നെയാണ് പ്രതീക്ഷ. കിട്ടിയില്ലെങ്കിലും നിയമപോരാട്ടം തുടരുമെന്ന് സിസ്റ്റർ റാനിറ്റ് മാധ്യമങ്ങളോട് പ്രതികരിച്ചു. റേഷൻ കാർഡും പൊലീസ് സുരക്ഷയും സർക്കാർ പിന്തുണയുടെ തെളിവാണ്. അഭിമുഖം പുറത്തുവന്നതിന് ശേഷം സൈബർ ആക്രമണമുണ്ട്, പക്ഷേ അതിലേറെ പിന്തുണ ലഭിക്കുന്നുണ്ട്. സഭാ നേതൃത്വം മൗനം തുടരുകയാണെന്നും സിസ്റ്റർ കൂട്ടിച്ചേര്‍ത്തു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡന കേസിലെ ഇരയായ സിസ്റ്റർ റാണിറ്റ്, കഴി‍ഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മൂന്ന് കന്യാസ്ത്രീകൾക്ക് സർക്കാർ റേഷൻ കാർഡ് അനുവദിച്ചത്. ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് നൽകിയ അഭിമുഖത്തിൽ സിസ്റ്റർ റാണിറ്റ് വെളിപ്പെടുത്തിയിരുന്നു. സഭാ നേതൃത്വം പാടേ അവഗണിച്ചതോടെ അന്നന്നത്തെ ജീവിതത്തിനുള്ള വഴിപോലും കണ്ടെത്താന്‍ കഷ്ടപ്പെടുകയാണ് സിസ്റ്റര്‍ റാണിറ്റും ഒപ്പമുള്ള കന്യാസ്ത്രീകളും. ശ്വസിക്കാനുള്ള വായുവൊഴികെ മറ്റെല്ലാം നിഷേധിക്കപ്പെട്ട നിലയിലാണ് ഇപ്പോഴത്തെ ജീവിതമെന്നാണ് സിസ്റ്റര്‍ റാണിറ്റ് ഏഷ്യാനെറ്റ് ന്യൂസിനോട് തുറന്നു പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഭക്ഷ്യമന്ത്രി ഇടപെട്ട് മഠം അന്തേവാസികളായ സിസ്റ്റർ മാർക്ക് റേഷൻ കാർഡ് നൽകാൻ ഉത്തരവിട്ടത്. സിസ്റ്റർ റാണിറ്റുമായി സംസാരിച്ച ശേഷം മറ്റ് ആവശ്യങ്ങളിലും അനുഭാവപൂര്‍വമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചിരുന്നു.