കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗക്കേസിലെ ഫോണ്‍ രേഖകളുടെ ഫോറൻസിക് തെളിവുകള്‍ ഉടൻ ഹാജരാക്കാൻ ഫോറൻസിക് ഡയറക്ടര്‍ക്ക് കോട്ടയം എസ്പിയുടെ നിര്‍ദേശം. ഫോറൻസിക് തെളിവുകളില്‍ വൈരുദ്ധ്യം സംഭവിച്ചത് അന്വേഷിക്കണമെന്നും എസ്പി ശുപാര്‍ശ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കോടതിയില്‍ നല്‍കിയ ഫോറൻസിക് തെളിവും അന്വേഷണ സംഘത്തിന് നല്‍കിയ പകര്‍പ്പും തമ്മിൽ വ്യത്യാസം കണ്ടത്തിയ സാഹചര്യത്തിലാണ് നടപടി.

കന്യാസ്ത്രീയെ ഫ്രാങ്കോ മുളയ്ക്കൽ ഫോണില്‍ വിളിച്ച് സംസാരിച്ചതിന്‍റെ വിവരങ്ങള്‍ അടങ്ങിയ ഡിവിഡിയിലാണ് വൈരുദ്ധ്യം. കേസിന്‍റെ വിചാരണ വേളയില്‍ ഏറെ നിര്‍ണ്ണായകമാകുന്ന ഈ വിവരങ്ങളില്‍ എങ്ങനെ വൈരുദ്ധ്യം സംഭവിച്ചുവെന്നാണ് പരിശോധിക്കുന്നത്. പാല മജിസ്ട്രേറ്റ് കോടതിയില്‍ തിരുവനന്തപുരം ഫൊറൻസിക് ലാബില്‍ നിന്നും നല്‍കിയ അസല്‍ ഡിവിഡിയില്‍ എല്ലാ വിശദാംശങ്ങളുമുണ്ട്. എന്നാല്‍ അന്വേഷണ സംഘത്തിന് കിട്ടിയതില്‍ പ്രധാന വിവരങ്ങളില്ല. ഇന്നലെ കോട്ടയം എസ്പി പി എസ് സാബു ഫോറൻസിക് ഡയക്ടറെ ബന്ധപ്പെട്ട് കോടതിക്ക് നല്‍കിയ ഡിവിഡിയുടെ ശരിപ്പകര്‍പ്പ് അന്വേഷണ സംഘത്തിനും നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഡിജിപിയെയും വിവരം അറിയിച്ചിട്ടുണ്ട്. 

സാങ്കേതികപ്പിഴവാണോ അതോ മനപൂര്‍വ്വം തെളിവുകള്‍ ഇല്ലാതാക്കാൻ ശ്രമിച്ചതാണോ എന്നും സംശയമുണ്ട്. ഇക്കാര്യത്തില്‍ രഹസ്യാന്വേഷണം നടത്തും. ഫോറൻസിക് രേഖകള്‍ പ്രതിഭാഗത്തിന് നല്‍കുന്ന വേളയിലാണ് കോടതി തങ്ങളുടെ പക്കലുള്ള ഡിവിഡിയും അന്വേഷണ സംഘത്തിന്‍റെ പക്കലുള്ള തെളിവുകളും ഒന്നുതന്നെയാണോ എന്ന് പരിശോധിച്ചത്. വൈരുദ്ധ്യം കണ്ടെത്തിയില്ലായിരുന്നുവെങ്കില്‍ വിചാരണ ഘട്ടത്തില്‍ പ്രതിയ്ക്ക് അനുകൂല സ്ഥിതി ഉണ്ടാകുമായിരുന്നു. 

രണ്ട് മാസം മുൻപ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷൻ പല രേഖകളും ഹാജരാക്കുന്നില്ലെന്ന് പ്രതിഭാഗം ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് അഞ്ച് തവണയാണ് കേസ് മാറ്റി വച്ചത്. കേസ് നടപടികള്‍ വൈകിപ്പിക്കാനാണ് ശ്രമമെങ്കില്‍ ഇക്കാര്യം ഉന്നയിച്ച് പ്രത്യേകം പരാതി കോടതിക്ക് നല്‍കാനാണ് കന്യാസ്ത്രീകളുടെ തീരുമാനം. അതേസമയം കോടതിയില്‍ കണ്ടെത്തിയ വൈരുദ്ധ്യം ബിഷപ്പിനെ സഹായിക്കാനാണെന്ന കന്യാസ്ത്രീമാരുടെ ആരോപണം കപട നാടകമാണെന്ന് ജലന്ധര്‍ രൂപത ആരോപിച്ചു.