തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ ജാഗ്രത വേണമെന്ന് വീണ്ടും വീണ്ടും ഓര്‍മിപ്പിച്ച് കേരള പൊലീസ്. ഇതൊക്കെ എത്ര കണ്ടതാണ് എന്ന് ഭാവിക്കുന്ന മലയാളികള്‍ വീണ്ടും ഇത്തരം ചതിക്കുഴികളില്‍ വീഴുകയാണ്. പുതിയ രൂപത്തിലും ഭാവത്തിലുമുള്ള തട്ടിപ്പുകള്‍ തിരിച്ചറിഞ്ഞ് മാറി നില്‍ക്കാന്‍ കഴിയണമെന്ന് പൊലീസ് കുറിപ്പില്‍ പറയുന്നു.

കുറിപ്പിങ്ങനെ...

ഗിഫ്ട് വൗച്ചറുകളും സ്ക്രാച് കാർഡുകളുമായി ഓൺലൈൻ തട്ടിപ്പ് : അനർഹമായ സമ്മാനങ്ങൾ ചതിക്കുഴിയിൽ വീഴ്ത്തും

ഓൺലൈൻ തട്ടിപ്പുകൾ പലരൂപത്തിലും ഭാവത്തിലും വരും... നമ്മളിതൊക്കെ എത്രകണ്ടതാ എന്ന് ഭാവിക്കുന്ന മലയാളികൾ വീണ്ടും വീണ്ടും ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നു. സ്നാപ്പ് ഡീൽ, ഷോപ് ക്ലൂസ് പോലുള്ള ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളെ കൂട്ടുപിടിച്ചാണ് തട്ടിപ്പ്. ലക്ഷക്കണക്കിന് രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ പോസ്റ്റല്‍ വഴി അയച്ചാണ് സാധാരണക്കാരെ ഇത്തരക്കാര്‍ വലയില്‍ വീഴ്ത്തുന്നത്. പ്രമുഖ കമ്പനികൾ ഇത്തരത്തിൽ ഒരു സമ്മാനപദ്ധതികളും നറുക്കെടുപ്പുകളും നടത്തുന്നില്ല എന്നവിവരം അറിയിച്ചിട്ടുണ്ട്.

നാം എപ്പോഴെങ്കിലും ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങുന്നതിനോ സൈറ്റുകളിൽ രെജിസ്റ്റർ ചെയ്യുന്നതിനോ നൽകുന്ന മേൽവിലാസവും വിവരങ്ങളും കൈക്കലാക്കിയാണ് തട്ടിപ്പുകാർ വലവീശുന്നത്‌. ലക്ഷക്കണക്കിന് രൂപയുടെ സമ്മാനകൂപ്പണുകൾ പോസ്റ്റല്‍ വഴി മേൽവിലാസത്തിൽ അയച്ചുതരും. ഇത് വിശ്വസിക്കുന്ന സാധാരണക്കാരെയാണ് ഇത്തരക്കാര്‍ വലയില്‍ വീഴ്ത്തുന്നത്. ഗിഫ്ട് വൗച്ചറുകൾക്കും സ്ക്രാച് കാർഡുകൾക്കുമൊപ്പം നിബന്ധനകൾ രേഖപ്പെടുത്തിയ കത്തുമാണ് തപാലിൽ ലഭിക്കുന്നത്. സമ്മാനകൂപ്പൺ നറുക്കെടുപ്പിൽ വിജയിയായെന്നും, സമ്മാനതുക പൂർണമായും ലഭിക്കുന്നതിന് നിശ്ചിത ശതമാനം തുക പ്രോസസ്സിംഗ് ഫീസായോ നികുതിയായോ അടക്കണമെന്നുമാണ് ആവശ്യപ്പെടുന്നത്. കൂടാതെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇതിനോട് അനുബന്ധമായി ആവശ്യപ്പെടുകയും ചെയ്യും. തട്ടിപ്പുകാരുടെ വാഗ്ദാനത്തിൽ മോഹിച്ചു പണം അടച്ചവർ വഞ്ചിക്കപ്പെടുകയും ചെയ്യും. ബാങ്കിങ് വിവരങ്ങൾ നല്കുന്നവരും തട്ടിപ്പിനിരയാകും.

ലക്ഷങ്ങളുടെയും കോടികളുടെയും സമ്മാനവാഗ്ദാനങ്ങളുമായി SMS, ഈ മെയിൽ, തപാൽ മാർഗങ്ങളിലൂടെ ലഭിക്കുന്ന സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കേണ്ടതാണ്. ബാങ്കിങ് വിവരങ്ങൾ ഉള്‍പ്പെടെയുള്ള വ്യക്തിപരമായ വിവരങ്ങള്‍ യാതൊരു കാരണവശാലും ഇത്തരം തട്ടിപ്പുകാർക്ക് കൈമാറരുത്. അനർഹമായ സമ്മാനങ്ങൾ തേടിപ്പോകുന്നവരാണ് ഇത്തരം തട്ടിപ്പുകൾക്കിരയാകുന്നത്.