കൊച്ചി: പിഎസ്‍സി നടത്തിയ കെഎസ്ഇബി മസ്ദൂർ നിയമനത്തിലും തട്ടിപ്പ്. യോഗ്യതയുള്ളവർ പുറത്തിരിക്കെ മതിയായ പ്രവർത്തിപരിചയവും യോഗ്യതയും ഇല്ലാത്തവർക്കാണ് നിയമനം ലഭിച്ചത്. രേഖകളിൽ  ക്രിത്രിമത്വം നടത്തിയാണ് പലരും ജോലിക്ക് കയറിയതെന്ന് കെഎസ്ഇബി രേഖകൾ വ്യക്തമാക്കുന്നു.

കെ.എസ്.ഇ.ബി മസ്ദൂർ റാങ്ക് ലിസ്റ്റിലുള്ളവരാണ് 56കാരനും എറണാകുളം കുമ്പളങ്ങി സ്വദേശിയായ ബാബുരാജും 48കാരനായ കോതമംഗലം സ്വദേശി വർഗ്ഗീസും.  പക്ഷെ പ്രതീക്ഷയുടെ നല്ല കാര്യങ്ങളല്ല ഇവർക്ക് പറയാനുള്ളത്. 1989 ലാണ് ഇരുവരും കെ.എസ്.ഇ.ബിയിൽ താത്കാലിക ജീവനക്കാരായി ചേരുന്നത്. 2004ലാണ് 1200 ദിവസം വരെ ജോലി ചെയ്തവരെ  സ്ഥിരപ്പെടുത്തണമെന്ന് ഇൻഡസ്റ്റീര്യൽ ട്രിബ്യൂണൽ ഉത്തരവിട്ടത്. 

ഈ ഉത്തരവിനെതിരെ കെ.എസ്.ഇ.ബി കോടതിയെ സമീപിച്ചു.  സുപ്രീംകോടതി വരെ നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ ട്രിബ്യൂണൽ വിധി കോടതി അംഗീകരിച്ചു. 2018 ൽ പി.എസ്.സി പരീക്ഷ നടത്തി. പക്ഷേ നിയമനം ലഭിച്ചവരിൽ പലർക്കും യോഗ്യത ഇല്ലെന്ന് കെഎസ്ഇബി രേഖകൾ തന്നെ വ്യക്തമാക്കുന്നു. 1984 ൽ ജനിച്ചവർ വരെ നിയമനം ലഭിച്ചവരിലുണ്ട്. 

1200 ദിവസത്തെ പ്രവർത്തി പരിചയം ലഭിക്കണമെങ്കിൽ ആറുവർഷമെങ്കിലും താത്കാലിക ജീവനക്കാരായിരിക്കണം. ഒരു വർഷം 200 ദിവസത്തെ ജോലിയാണ് താത്കാലിക ജീവനക്കാര്‍ക്ക് പരമാവധി ലഭിക്കുക. 2004 ന് മുമ്പ് 1200 ദിവസത്തെ ജോലി ലഭിക്കണമെങ്കിൽ 1998 ലെങ്കിലും ജോലിയിൽ കയറണം. അങ്ങനെ നോക്കുകയാണെങ്കില്‍  ഇവർ സ്കൂളിൽ പഠിക്കുന്ന സമയത്ത് തന്നെ കെ.എസ്.ഇ.ബിയിൽ കരാർ ജീവനക്കാരായിരിക്കണമെന്ന നിലയിലാണ് കാര്യങ്ങളുള്ളത്.