പാലക്കാട്: പാലക്കാട്ടെ പുതുശ്ശേരി പഞ്ചായത്ത് നടത്തിയ സൗജന്യ അരി വിതരണം രാഷ്ട്രീയ വിവാദത്തിൽ. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ പെട്രോളിയം കോര്‍പ്പറേഷൻ സമൂഹിക അടുക്കളയ്ക്കായി നല്‍കിയ ഒരു ടൺ അരി പഞ്ചായത്ത് പ്രസിഡന്‍റ് തിരിമറി നടത്തിയെന്നാണ് കോണ്‍ഗ്രസ്സും ബിജെപിയും ആരോപിക്കുന്നത്. എന്നാല്‍ അരി മുഴുവന്‍ പാവങ്ങള്‍ക്കായി വിതരണം ചെയ്തുവെന്നാണ് പഞ്ചായത്തിന്‍റെ വിശദീകരണം.

രണ്ട് ദിവസം മുമ്പ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ പെട്രോളിയം കോര്‍പ്പറേഷൻ നൽകിയ ആയിരം കിലോ അരി പുതുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്‌ ആയ കെ ഉണ്ണികൃഷ്ണന്‍ ഏറ്റുവാങ്ങിയിരുന്നു. കൂടാതെ ക‌ഞ്ചിക്കോട് ആസ്ഥാനമായ പൊതുമേഖല സ്ഥാപനം ബെമലും അരിയും പലവ്യഞ്ജനങ്ങളും പഞ്ചായത്തിന് കൈമാറി. എന്നാല്‍ ഇത് പഞ്ചായത്തിന്റെ രേഖകളില്‍ വരാത്തതാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. പ്രതിപക്ഷ കൗൺസിലർമാർ തിരിമറി ആരോപണം ഉന്നയിച്ചതോടെ ബിജെപിയുടെയും കോൺഗ്രസിന്‍റെയും ജില്ല കമ്മിറ്റി വിഷയം ഏറ്റെടുക്കുകയായിരുന്നു. 1000 കിലോ അരി സിപിഎം പ്രവർത്തകർക്ക് പഞ്ചായത്ത് വീതിച്ച് നൽകിയെന്നാണ് ആരോപണം. സംഭവത്തിൽ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് പരാതി നൽകുമെന്ന് ബിജെപി അറിയിച്ചു

സംഭവത്തിൽ പഞ്ചായത്ത് പ്രസിഡണ്ടിനെ പുറത്താക്കണമെന്ന് കോൺഗ്രസും വ്യക്തമാക്കി. അതേസമയം, പൊതുമേഖല സ്ഥാപനങ്ങൾ സാമൂഹിക അടുക്കളക്കല്ല പഞ്ചായത്തിലെ നിർദ്ധനർക്ക് നൽകാനാണ് സഹായം നൽകിയതെന്നും മറ്റ് ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നുമാണ് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വിശദീകരണം.