തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ ആനുകൂല്യം മരവിപ്പിച്ച തീരുമാനം മൂന്നു മാസത്തേക്ക് കൂടി നീട്ടി ധനവകുപ്പ് ഉത്തരവിറക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് തീരുമാനം. സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കിയതോടെ സാമ്പത്തിക സ്ഥിതിയും കൂടുതല്‍ പരുങ്ങലിലേക്ക് നീങ്ങുകയാണ്.

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ലീവ് സറണ്ടര്‍ ആനുകൂല്യം മൂന്നു മാസത്തേക്ക് മരവിപ്പിച്ച് ഉത്തരവിറക്കിയത്. ലാസ്റ്റ് ഗ്രേഡ് , പാര്‍ട്ട്ടൈം ജീവനക്കാര്‍ക്ക് ഈ ഉത്തരവില്‍ നിന്ന് ഇളവു നല്‍കി പിന്നീട് ഉത്തരവിറക്കിയെങ്കിലും മറ്റു ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും കാര്യത്തില്‍ മാറ്റമുണ്ടായില്ല. ഈ മാസം ഉത്തരവ് പിന്‍വലിക്കുമെന്ന പ്രതീക്ഷ തെറ്റിച്ചാണ് ധനവകുപ്പിന്‍റെ ഉത്തരവ്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ധനവകുപ്പ് അധികൃതര്‍ പറഞ്ഞു. 

രണ്ടു മാസത്തോളം നീണ്ട സമ്പൂര്‍ണ്ണ ലോക്ക് ഡൗണിനു ശേഷം വിപണിയില്‍ നേരിയ തോതില്‍ ഉണര്‍വ് പ്രകടമായി വരവെയാണ് സമ്പര്‍ക്ക രോഗികളുടെ വ്യാപനം. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദം കേരളത്തിന്‍റെ തനതു വരുമാനം 12000കോടി രൂപയായിരുന്നെങ്കില്‍ നിലവില്‍ ഇതേ കാലയളവില്‍ 4200 കോടി രൂപ മാത്രമാണ് തനതു വരുമാനം. സേവന മേഖല നിശ്ചലമായതാണ് പ്രധാന തിരിച്ചടി. ടൂറിസം, ഹോട്ടല്‍ മേഖല മാസങ്ങളായി നിശ്ചലമാണ്. 

സിനിമ അടക്കമുളള വിനോദ വ്യവസയാങ്ങളുടെ സ്ഥിതിയും ഇതു തന്നെ. കൊവിഡ് പ്രതിസന്ധി മറികടക്കാനായി സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി കേന്ദ്രം ഉയര്‍ത്തിയെങ്കിലും കേരളത്തിന് ഇതിന്‍റെ നേട്ടം കിട്ടിയിട്ടില്ല. കേന്ദ്രം മുന്നോട്ട് വച്ച വ്യവസ്ഥകള്‍ സംബന്ധിച്ച നിലപാട് കേന്ദ്രത്തെ അറിയിക്കാനായി ധനവകുപ്പിന്‍റെ ചുമതലയുളള അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്ന് ധനവകുപ്പ് അധികൃതര്‍ പറഞ്ഞു.