കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത, 5 ജില്ലകളിൽ യെല്ലോ അലർട്ട്. ശബരിമല നട ഇന്ന് ചിങ്ങമാസ പൂജയ്ക്കായി തുറക്കും. കേരള അറബിക് മുൻഷീസ് അസോസിയേഷന്റെ സെക്രട്ടേറിയറ്റ് മാർച്ചും ഇന്ന് നടക്കും.
തിരുവനന്തപുരം: മലയാളികൾ ഇന്ന് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. 5 ജില്ലകളിൽ യെല്ലോ അലർട്ടാണ്. എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
കനത്ത മഴയെത്തുടർന്ന് തൃശ്ശൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടാകില്ല. ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും കാരണം പൊന്മുടി ഇക്കോടൂറിസ്സത്തിലേക്കുള്ള സന്ദർശനം നിർത്തിവച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കേന്ദ്രം തുറക്കില്ല.
ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് 5 മണിക്ക് മേൽശാന്തി അരുൺകുമാർ നമ്പൂതിരി ശ്രീകോവിൽ തുറക്കും. കേരള അറബിക് മുൻഷീസ് അസോസിയേഷന്റെ സെക്രട്ടേറിയറ്റ് മാർച്ച് ഇന്ന് രാവിലെ പാളയം രക്ത സാക്ഷി മണ്ഡപത്തിന് മുന്നിൽ നിന്നും തുടങ്ങും. അറബി അധ്യാപകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാണ് ആവശ്യം. ധർണ്ണ പാളയം ഇമാം ഡോ. വി. പി. സുഹൈബ് മൗലവി ഉദ്ഘാടനം ചെയ്യും. ഇടുക്കി ബ്ലോക്ക് ക്ഷീര സംഗമം ഇന്ന് മണിയാറന്‍കുടി സെന്റ്മേരീസ് ചര്‍ച്ച് പാരിഷ്ഹാളില്‍ നടക്കും. പൊതുസമ്മേളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ.ഡീന്‍ കുര്യാക്കോസ് എം.പി. മുഖ്യപ്രഭാഷണം നടത്തും.
