Asianet News MalayalamAsianet News Malayalam

ഇന്ധന സെസ്;ചരക്കുകൂലിയും അവശ്യ സാധനങ്ങളുടെ വിലയും ഉയരും,കെഎസ്ആർടിസിക്കും തിരിച്ചടി

വരുമാന വര്‍ദ്ധന ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ സെസ് ഏര്‍പ്പെടുത്തുന്നതെങ്കിലും ഇതിന് വിപരീത ഫലമുണ്ടാകാമെന്നും ലോറി ഉടമകള്‍ പറയുന്നു. ചരക്ക് ലോറികളടക്കം അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്നവര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഇന്ധനം നിറയ്ക്കും. സെസിന്‍റെ പേരു പറഞ്ഞ് കച്ചവടക്കാര്‍ ജനത്തെ പിഴിയുകയും ചെയ്യും

Fuel cess; freight charges and prices of essential goods will rise, KSRTC will also suffer
Author
First Published Feb 5, 2023, 7:31 AM IST

 

തിരുവനന്തപുരം/ കോഴിക്കോട് :പെട്രോളിനും ഡീസലിനും സെസ് ഏര്‍പ്പെടുത്താനുളള ബജറ്റ് പ്രഖ്യാപനം നടപ്പായാല്‍ ചരക്ക് കൂലിയും കുത്തനെ ഉയരും. അവശ്യ സാധനങ്ങളെല്ലാം എത്തുന്നത് ഇതര സംസ്ഥാനങ്ങളില്‍ നിന്നായതിനാല്‍ ചരക്ക് കൂലിയിലെ വര്‍ദ്ധന വിക്കയറ്റത്തിലേക്ക് നയിക്കുമെന്ന് ചരക്ക് വാഹന ഉടമകള്‍ മുന്നറിയിപ്പ് നല്‍കുന്നു.

കേരളത്തിലേക്ക് പ്രധാനമായും അരി എത്തുന്നത് ആന്ധ്ര, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന്. ഉള്ളി , ഇരുളക്കിഴങ്ങ് തുടങ്ങിയ എത്തുന്നതാകട്ടെ മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നും. ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം അനുസരിച്ച് പെട്രോളിനും ഡീസലിനും രണ്ട് ശതമാനം സെസ് ഏര്‍പ്പെടുത്തിയാല്‍ ചരക്ക് കൂലിയില്‍ നല്ല തരത്തിൽ വർധന ഉണ്ടാകും

വരുമാന വര്‍ദ്ധന ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ സെസ് ഏര്‍പ്പെടുത്തുന്നതെങ്കിലും ഇതിന് വിപരീത ഫലമുണ്ടാകാമെന്നും ലോറി ഉടമകള്‍ പറയുന്നു. ചരക്ക് ലോറികളടക്കം അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്നവര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഇന്ധനം നിറയ്ക്കും. സെസിന്‍റെ പേരു പറഞ്ഞ് കച്ചവടക്കാര്‍ ജനത്തെ പിഴിയുകയും ചെയ്യും.

അരി പച്ചക്കറി പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങി ഒട്ടുമിക്ക അവശ്യ സാധനങ്ങള്‍ക്കും എട്ട് മുതല്‍ പത്ത് ശതമാനം വരെ ഇക്കുറി വില ഉയര്‍ന്നിരുന്നു. ജയ അരിയുടെ വില കുത്തനെ ഉയര്‍ന്നതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ നേരിട്ട് ചര്‍ച്ച നടത്തിയ ചര്‍ച്ച ഇനിയും ഫലം കണ്ടിട്ടുമില്ല. ബംഗാളില്‍ നിന്നുളള നൂര്‍ജഹാന്‍ അരിയുടെ വില കഴിഞ്ഞ ദിവസങ്ങളില്‍ വരെ ഉയരുകയും ചെയ്തു. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായി വിപണിയില്‍ ഇടപെടണമെന്ന ആവശ്യങ്ങള്‍ക്കിടെയാണ് വിലക്കയറ്റത്തിന് വഴി ഒരുക്കാവുന്ന നിലയിലുളള ബജറ്റ് പ്രഖ്യാപനം.

സാമൂഹ്യ സുരക്ഷ ഫണ്ട് ശേഖരണത്തിന് ബജറ്റ് നിര്‍ദ്ദേശിച്ച ഇന്ധന സെസ്സ് കെഎസ്ആര്‍ടിസിക്കും തിരിച്ചടിയാണ്. ഡീസലടിക്കാനുള്ള പ്രതിദിന ചെലവിൽ മാത്രം ശരാശരി എട്ട് ലക്ഷം രൂപ അധികം വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. പുതിയ ബസ്സ് വാങ്ങാനോ പെൻഷൻ ബാധ്യത ഏറ്റെടുക്കാനോ സര്‍ക്കാര്‍ തയ്യാറാകാത്തതിൽ വലിയ പ്രതിഷേധവും ജീവനക്കാരുടെ സംഘടനകൾക്ക് ഉണ്ട്.

നിത്യ ചെവലുകൾ രണ്ടറ്റം മുട്ടിക്കാൻ പാടുപെടുന്ന കെഎസ്ആര്‍ടിസി വരുമാനത്തിന്റെ നല്ലൊരു പങ്ക് ചെലവാക്കുന്നത് ഡീസലടിക്കാനാണ്. കൊവിഡ് കാലത്തിന് ശേഷം ബസ്സുകൾ പൂര്‍ണ്ണമായും സര്‍വ്വീസിനിറങ്ങുന്നതോടെ പ്രതിദിന ആവശ്യം ശരാശരി നാല് ലക്ഷം ലിറ്ററാണ്. രണ്ട് രൂപ സെസ്സ് കൂടിയാകുമ്പോൾ ദിവസ ചെലവിൽ ചുരുങ്ങിയത് എട്ട് ലക്ഷം രൂപ കൂടും, മാസം രണ്ടരക്കോടി രൂപ ഇന്ധന ചെലവ് കൂടുന്നത് നിലവിലെ അവസ്ഥയിൽ കെഎസ്ആര്ടിസിക്ക് താങ്ങാനാകില്ലെന്നാണ് ജീവനക്കാരുടെ സംഘടന പറയുന്നത്. തീരുമാനം സര്‍ക്കാര്‍ പുനപരിശോധിക്കണമെന്ന ആവശ്യവും ഇവര്‍ മുന്നോട്ട് വയ്ക്കുന്നു.

 

കെഎസ്ആര്‍ടിസിക്ക് മാറ്റിവയ്ക്കാറുള്ള പ്ലാൻ ഫണ്ട് ആയിരം കോടി ഇത്തവണയില്ല. പെൻഷനും കടം തീര്‍ക്കാനും കഴിഞ്ഞ തവണ 2037 കോടി നൽകിയെങ്കിൽ ഇത്തവണയത് 1325.77 കോടി മാത്രം. പുതിയ ബസ്സിന് പ്രഖ്യാപനമില്ല. പെൻഷൻ ബാധ്യത ഏറ്റെടുക്കണമെന്ന ദീര്‍ഘകാല ആവശ്യം പരിഗണിച്ചുപോലുമില്ല.

Follow Us:
Download App:
  • android
  • ios