Asianet News MalayalamAsianet News Malayalam

ഇന്ധന വില: അന്നും ഇന്നും നികുതി എത്ര? പിണറായി, മോദി സര്‍ക്കാരുകള്‍ക്ക് മുന്നില്‍ കണക്കുനിരത്തി ഉമ്മന്‍ചാണ്ടി

പെട്രോളിന് 57.67ഉം  ഡീസലിന് 58.29ഉം രൂപ മാത്രം അടിസ്ഥാന വിലയുള്ളപ്പോള്‍ അവയ്ക്ക് ഏതാണ്ട് തത്തുല്യമായ  നികുതി ചുമത്തി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വന്‍കൊള്ള നടത്തിയിട്ടാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും  പരസ്പരം പഴിചാരി ജനങ്ങളെ പറ്റിക്കുന്നത്.

fuel price hike oommen chandy says central and kerala govt tries to betray peoples
Author
Thiruvananthapuram, First Published Apr 28, 2022, 5:31 PM IST

തിരുവനന്തപുരം: ഇന്ധന നികുതിയില്‍ (Fuel Tax)  സര്‍ക്കാരുകള്‍ പരസ്പരം പഴിചാരി  ജനങ്ങളെ പറ്റിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി (Oommen Chandy). പെട്രോളിന് 57.67ഉം  ഡീസലിന് 58.29ഉം രൂപ മാത്രം അടിസ്ഥാന വിലയുള്ളപ്പോള്‍ അവയ്ക്ക് ഏതാണ്ട് തത്തുല്യമായ  നികുതി ചുമത്തി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വന്‍കൊള്ള നടത്തിയിട്ടാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും  പരസ്പരം പഴിചാരി ജനങ്ങളെ പറ്റിക്കുന്നത്. മൊത്തം ഇന്ധന വിലയുടെ പകുതിയിലധികം കേന്ദ്ര- സംസ്ഥാന നികുതികളായിരിക്കെ അതു ജനങ്ങളില്‍നിന്ന് മറച്ചുവച്ച് കീശവീര്‍പ്പിക്കുന്ന ചക്കളത്തിപ്പോരാട്ടമാണ് ഇരുവരും നടത്തുന്നത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വില കൂടിയപ്പോള്‍, വര്‍ധിപ്പിച്ച വിലയുടെ നികുതി  നാല് തവണ വേണ്ടെന്നു വച്ച് 619.17 കോടി രൂപയുടെ ആശ്വാസമാണ് കേരളത്തിലെ ജനങ്ങള്‍ക്കു നല്‍കിയത്. കേന്ദ്രം വിലകൂട്ടിയപ്പോള്‍ നാലു തവണ കേരളം വിലകുറച്ചുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതായി കണ്ടു. ഏത് സര്‍ക്കാരാണ് ആണ് ഇപ്രകാരം കുറവ് നല്‍കിയതെന്ന് പറയാനുള്ള സത്യസന്ധത അദ്ദേഹം കാണിക്കണം. ഇത്തരം പാഠങ്ങളൊന്നും ഗുജറാത്തില്‍ പോയാല്‍ പിണറായി സര്‍ക്കാരിന് പഠിക്കാനാകില്ലെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ എക്‌സൈസ് നികുതി വെറും 9.48 രൂപയായിരുന്നത് ഇപ്പോള്‍ 27.90 രൂപയാണ്. ഡീസലിന് അന്ന് 3.65 രൂപയായിരുന്നത് ഇപ്പോള്‍ 21.80 രൂപയായി. എക്‌സൈസ് നികുതിയില്‍ പെട്രോളിന് മൂന്നു മടങ്ങും ഡീസലിന് ആറ് മടങ്ങുമാണ് വര്‍ധന! ഇതാണ് കേന്ദ്രത്തിന്റെ പകല്‍ക്കൊള്ള. എന്നിട്ടാണ് നേരിയ ആശ്വാസം നല്‍കി സത്യത്തിനു മറയിടുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ ഇന്ധനവില  കൊള്ളയ്‌ക്കെതിരേ പ്രതിഷേധിക്കുന്ന ഇടതുസര്‍ക്കാര്‍ ഉള്ളില്‍ സന്തോഷിക്കുകയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടുന്നതിന്  ആനുപാതികമായി  സംസ്ഥാനത്തിന് അധിക നികുതി ലഭിക്കുന്നു. വിവിധ നികുതികളിലായി   സംസ്ഥാനത്തിന് ഒരു ലിറ്റര്‍ പെട്രോളില്‍ നിന്ന് 34.64 രൂപയും ഡീസലില്‍ നിന്ന് 23.70 രൂപയും കിട്ടുന്നു. കേന്ദ്രത്തേക്കാള്‍ കൂടുതല്‍ നികുതി ലഭിക്കുന്നത് കേരളത്തിനാണ്. ഇതാണ് സംസ്ഥാന സര്‍ക്കാരിന്റെ പകല്‍ക്കൊള്ള.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2008ല്‍ എണ്ണവില ബാരലിന് 150 ഡോളര്‍ വരെ എത്തിയിരുന്നു. അന്ന് 1,25,000 കോടി രൂപ സബ്‌സിഡി നല്‍കിയാണ് ഇന്ധനവില  യുപിഎ സര്‍ക്കാര്‍ നിയന്ത്രിച്ചത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2014ല്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 112 ഡോളറായിരുന്നു. അന്ന് പെട്രോള്‍ വില 74.33 രൂപയും ഡീസല്‍ വില 60.77 രൂപയും. ഇപ്പോള്‍ അസംസ്‌കൃത എണ്ണയുടെ വില 104 ഡോളര്‍ മാത്രമാണ്. പെട്രോള്‍ വില 117 രൂപയും ഡീസല്‍ വില 103 രൂപയുമായി കുതിച്ചു കയറിയത്  കേന്ദ്രം സബ്സിഡി നല്‍കുന്നില്ല എന്നതിനാലാണ്. റഷ്യയില്‍ നിന്ന് ഇപ്പോള്‍ ബാരലിന് 30 ഡോളര്‍ കുറച്ചാണ് കേന്ദ്രത്തിനു നല്‍കുന്നത്. അതിന്റെ യാതൊരു പ്രയോജനവും ജനങ്ങള്‍ക്ക് കിട്ടുന്നില്ല. ഇന്ധനവില നിയന്ത്രണത്തിന് യുപിഎ, യുഡിഎഫ് സര്‍ക്കാരുകളെ മാതൃകയാക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.  
 

Follow Us:
Download App:
  • android
  • ios