തിരുവനന്തപുരം: പതിനെട്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ നല്‍കുന്ന ആരോഗ്യ കിരണം പദ്ധതി സ്തംഭനാവസ്ഥയിൽ. സര്‍ക്കാര്‍ കോടികളുടെ കുടിശിക വരുത്തിയതോടെ പദ്ധതി അനിശ്ചിതത്തിലായത്. 2013 ല്‍ തുടങ്ങിയ ആരോഗ്യ കിരണം പദ്ധതി വഴി 18 വയസില്‍ താഴെയുള്ള കുട്ടികളുടെ എല്ലാ രോഗങ്ങൾക്കും സൗജന്യ ചികില്‍സയായിരുന്നു വാഗ്ദാനം. ഈ സൗജന്യമാണ് ഇപ്പോൾ നിലച്ചത്. 

ചികിത്സ നല്‍കിയ വകയില്‍ സര്‍ക്കാര്‍, ആശുപത്രികള്‍ക്ക് നൽകാനുള്ളത് 35 കോടിയിലധികം രൂപയാണ്. തിരുവനന്തപുരം ജില്ലയില്‍ മാത്രം അഞ്ചുകോടി 31 ലക്ഷം രൂപയിലധികം ആശുപത്രികള്‍ക്ക് നല്‍കാനുണ്ട്. സര്‍ക്കാര്‍ കുടിശിക വരുത്തിയതോടെ പദ്ധതിയുമായ എംപാനൽ ചെയ്തിട്ടുള്ള ലാബ്, സ്കാൻ സെന്‍ററുകള്‍, ഫാര്‍മസികള്‍,സര്‍ജിക്കൽ ഏജൻസികള്‍ എന്നിവര്‍ക്ക് നല്‍കാനുള്ള പണവും മുടങ്ങി. ഇതോടെ സൗജന്യ ലാബ് പരിശോധനകളും ശസ്ത്രക്രിയ ഉപകരണങ്ങളടക്കം ഇംപ്ലാന്‍റുകളുടെ വിതരണവും ഇവര്‍ നിര്‍ത്തിവച്ചു. 

അതേ സമയം ചികിത്സ മുടങ്ങില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. അടിയന്തരഘട്ടം വന്നാല്‍ ആശുപത്രി വികസന സമിതികളില്‍ നിന്ന് പണമെടുത്ത് ചികിത്സ നടത്താൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ കൊവിഡ് കാരണം വരുമാനം കുറഞ്ഞ ആശുപത്രികള്‍ക്ക് ആശുപത്രി വികസന സമിതിയില്‍ നിന്ന് പണം കണ്ടെത്തുക അത്ര എളുപ്പമല്ല.