തിരുവനന്തപുരം: വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ് വേർഡ് ഉപയോഗിച്ച് തിരുവനന്തപുരം ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിന്ന് രണ്ട് കോടി രൂപ തിരിമറി നടത്തിയ ട്രഷറി വകുപ്പ് ഉദ്യോഗസ്ഥനെ സസ്പൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ട്രഷറി വകുപ്പ്  പൊലീസിലും പരാതി നൽകി. എന്നാൽ അക്കൗണ്ടിൽ നിന്ന് പണം നഷ്ട്ടപ്പെട്ടിട്ടില്ലെന്ന് ട്രഷറി ഡയറക്ടർ റിപ്പോർട്ട് നൽകിയതായി ജില്ലാ കളക്ടർ അറിയിച്ചു.
 
വഞ്ചിയൂർ സബ് ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റ ബിജുലാലാണ് രണ്ട് കോടി രൂപ  മാറ്റിയതായി സബ് ട്രഷറി ഓഫീസർ കണ്ടെത്തിയത്. മെയ് 31ന് വിരമിച്ച സബ് ട്രഷറി ഓഫീസറുടെ യുസർ നെയിമും പാസ്വേർഡും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. കഴിഞ്ഞ 27നായിരുന്നു പണം മാറ്റിയതെന്നാണ് സബ് ട്രഷറി ഓഫീസറുടെ  കണ്ടെത്തൽ.  പണം മാറ്റിയ ശേഷം ഇടപാടിന്റെ വിശദാംശങ്ങൾ ഡിലിറ്റ് ചെയ്തു. എന്നാൽ പണം കൈമാറുന്നതിനുള്ള ഡേ ബുക്കിൽ രണ്ട് കോടിയുടെ വ്യത്യാസം കണ്ടു. ഈ വ്യത്യാസമെങ്ങനെയെന്ന പരിശോധനയിലാണ് തട്ടിപ്പ് പുറത്തറിയുന്നത്.  

യുസർ നെയിമും പാസ്വേർഡും വിരമിക്കുന്ന അന്ന് തന്നെ റദ്ദാക്കപ്പെടും. എന്നാൽ  മെയ് 31ന് വിരമിച്ച ഉദ്യോഗസ്ഥന്റെ യുസർ നെയിമും പാസ്വേഡും ഉപയോഗിച്ച് ജൂലൈ 27ന് പണം മാറ്റിയതാണ് ട്രഷറി ഉദ്യോഗസ്ഥരെ അമ്പരിപ്പിച്ചത്. രണ്ട് കോടി രൂപയിൽ 63 ലക്ഷം രൂപ മറ്റൊരു ബാങ്കിലേക്കും ബാക്കി തുക ബിജുലാലിന്റെ ട്രഷറി അക്കൗണ്ടിലുമാണ് മാറ്റിയത്.ബിജുലാലിന്റെ  ട്രഷറി അക്കൗണ്ട് മരവിപ്പിച്ചതിനാൽ ആ തുക നഷ്ട്ടപ്പെട്ടിട്ടില്ലെന്നാണ് ട്രഷറി വകുപ്പിന്റെ വിശദീക്കണം. 

സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാശ്യപ്പെട്ട് വഞ്ചിയൂർ പൊലീസിനും കമ്മീഷണർക്കും ട്രഷറി വകുപ്പ് പരാതി നൽകി.എന്നാൽ തുക നഷ്ട്ടപ്പെട്ടിട്ടില്ലെന്ന വിശദീകരണം ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണെന്ന ആക്ഷേപമുയർന്നിട്ടുണ്ട്. 63 ലക്ഷം രൂപയുടെ തിരിമറി നടന്നുവെന്ന് സമ്മതിക്കുന്ന ട്രഷറി വകുപ്പ് ഈ പണം എവിടെ എന്ന് വ്യക്തമാക്കുന്നില്ല. വിരമിച്ച ആളുടെ പാസ് വേർഡ് മരവിപ്പിക്കാത്തതിലുണ്ടായ വീഴ്ചയും മറച്ച് വയ്ക്കാൻ ശ്രമമുണ്ട്