Asianet News MalayalamAsianet News Malayalam

സൗമ്യയ്ക്ക് വിട: സംസ്കാരം ഇന്ന്; പൊതുദർശനം വള്ളിക്കുന്നം പൊലീസ് സ്റ്റേഷനില്‍

രാവിലെ ഒമ്പത് മണിയോടെ  വള്ളിക്കുന്നം പൊലീസ് സ്റ്റേഷനില്‍ സൗമ്യയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.  സഹപ്രവര്‍ത്തകരും ഏറെ സ്നേഹത്തോടെ പരിശീലിപ്പിച്ച കുട്ടി പൊലീസ് അംഗങ്ങളും സൗമ്യയ്ക്ക് യാത്രാമൊഴി ചൊല്ലും.

funeral ceremony of soumya pushkaran today
Author
Alappuzha, First Published Jun 20, 2019, 6:41 AM IST

ആലപ്പുഴ: മാവേലിക്കരയിൽ കൊല ചെയ്യപ്പെട്ട പൊലീസുകാരി സൗമ്യാ പുഷ്പാകരന്‍റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും. രാവിലെ ഒമ്പത് മണിയോടെ നാല് വര്‍ഷമായി ജോലി ചെയ്തു വരുന്ന വള്ളിക്കുന്നം പൊലീസ് സ്റ്റേഷനില്‍ സൗമ്യയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. അവിടെ വച്ച് പ്രിയപ്പെട്ട സഹപ്രവര്‍ത്തകരും ഏറെ സ്നേഹത്തോടെ പരിശീലിപ്പിച്ച കുട്ടി പൊലീസ് അംഗങ്ങളും സൗമ്യയ്ക്ക് യാത്രാമൊഴി ചൊല്ലും. 10 മണിയോടെ മൃതദേഹം വിലാപയാത്രയായി കാഞ്ഞിപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും.  11 മണിക്ക് സംസ്കാര ചടങ്ങുകൾ നടക്കും. 
 
കേസിലെ പ്രതി അജാസിന്‍റെ പോസ്റ്റ്മോർട്ട നടപടികളും ഇന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. കഴിഞ്ഞ ശനിയാഴ്ചയാണ് വള്ളികുന്നം സ്റ്റേഷനിലെ സിപിഒ സൗമ്യ പുഷ്പാകരനെ പൊലീസുകാരനായ അജാസ് വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം തീകൊളുത്തി കൊന്നത്. ആക്രമണത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞ പ്രതി അജാസ് ഇന്നലെ വൈകീട്ടാണ് മരിച്ചത്.

ശനിയാഴ്ച സൗമ്യയുടെ മൃതദേഹം പോസ്റ്റ്‍മോർട്ടം നടപടികള്‍ പൂര്‍ത്തിയാക്കി അടുത്ത ദിവസം തന്നെ ബന്ധുകള്‍ക്ക് വിട്ടു കൊടുത്തിരുന്നു. എന്നാല്‍, ലിബിയയില്‍ ജോലി ചെയ്യുന്ന സൗമ്യയുടെ ഭര്‍ത്താവ് നാട്ടില്‍ തിരിച്ചെത്തിയ ശേഷം മതി സംസ്കാരം എന്ന തീരുമാനത്തിലായിരുന്നു ബന്ധുക്കള്‍.

സൗമ്യയുടെ സംസ്കാരച്ചടങ്ങുകള്‍ക്ക് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് അജാസിന്‍റെ മരണ വാര്‍ത്ത പുറത്തു വരുന്നത്. ഇത്ര ഹീനമായ കൊലപാതകം നടത്തിയ അജാസിനെ ഔദ്യോഗികമായി പൊലീസ് അറസ്റ്റ് ചെയ്യും മുന്‍പാണ് ഇയാള്‍ മരണത്തിന് കീഴടങ്ങിയത്. സൗമ്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ അജാസിനും കൃത്യത്തിനിടെ സാരമായി പരിക്കേറ്റിരുന്നു. സൗമ്യയെ കൊന്നശേഷം സംഭവ സ്ഥലത്ത് തന്നെ നിന്ന അജാസിനെ പൊലീസ് പിടികൂടിയിരുന്നു. 

എന്നാല്‍ വയറിനും മറ്റും സാരമായി പരിക്കേറ്റതിനാല്‍ അജാസിനെ നേരെ കായംകുളം സര്‍ക്കാര്‍ ആശുപത്രിയിലേക്കാണ് കൊണ്ടു പോയത്. വിശദമായ പരിശോധനയില്‍ കൂടുതല്‍ പൊള്ളലേറ്റെന്ന് കണ്ടതിനെ തുടര്‍ന്ന് ഇയാളെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത ശേഷം അജാസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി വിശദമായി ചോദ്യം ചെയ്യാനായിരുന്നു കേസ് അന്വേഷിക്കുന്ന വള്ളിക്കുന്നം പൊലീസിന്‍റെ പദ്ധതി. 

എന്നാല്‍ പൊള്ളലിനെ തുടര്‍ന്നുണ്ടായ അണുബാധ അജാസിന്‍റെ ആന്തരികാവയവങ്ങളെ ബാധിച്ചിട്ടുണ്ടെന്നും സ്ഥിതി അല്‍പം മോശമാണെന്നും ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചു. ഇതോടെയാണ് മജിസ്ട്രേറ്റിനെ ആശുപത്രിയില്‍ എത്തിച്ച് അജാസിന്‍റെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചത്. വണ്ടാനം മെഡി.കോളേജിലെത്തിയ മജിസ്ട്രേറ്റിനും പൊലീസുകാര്‍ക്കും മുന്‍പില്‍ അജാസ് നടന്ന സംഭവങ്ങള്‍ വിവരിച്ചു. 

പരിശീലന കാലയളവില്‍ പരിചയപ്പെട്ട സൗമ്യയോട്  അടുത്ത് പരിചയമുണ്ടായിരുന്നുവെന്നും പിന്നീട് അവരോട് പ്രണയം തോന്നിയെന്നും അജാസ് മൊഴി നല്‍കി. സൗമ്യയ്ക്ക് ഇയാള്‍ സാമ്പത്തിക സഹായവും ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ തുടര്‍ച്ചയായി വിവാഹ അഭ്യര്‍ത്ഥന നടത്തിയതോടെ സൗമ്യ ഇയാളില്‍ നിന്നും അകലാന്‍ ശ്രമിച്ചു. കടം വാങ്ങിയ പണം തിരികെ നല്‍കിയെങ്കിലും വാങ്ങാന്‍ കൂട്ടാക്കിയില്ല. 

ഈ ബന്ധത്തിന്‍റെ പേരില്‍ അജാസ് ഒരു തവണ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായി പൊലീസ് കണ്ടെത്തി. അജാസ് തന്നെ പിന്തുടരുമെന്നും കൊലപ്പെടുത്താന്‍ ശ്രമിക്കുമെന്നും സൗമ്യയ്ക്കും അറിയാമായിരുന്നു. തനിക്ക് എന്തെങ്കിലും പറ്റിയാല്‍ അതിന് കാരണം അജാസ് എന്ന പൊലീസുകാരനായിരിക്കുമെന്ന് സൗമ്യ തന്‍റെ മൂത്തമകനോട് പറഞ്ഞിരുന്നു. സൗമ്യയുടെ മരണശേഷം അമ്മയും മൂത്തമകനും നല്‍കിയ ഈ മൊഴികളാണ് ചിത്രം വ്യക്തമാകാന്‍ സഹായിച്ചത്. 

ഇതേസമയം വണ്ടാനം ആശുപത്രിയില്‍ കഴിഞ്ഞ അജാസിന്‍റെ ആരോഗ്യനില ഒരോ ദിവസം കഴിയും തോറും വളരെ മോശമായി വരികയായിരുന്നു. ശരീരത്തിലേറ്റ സാരമായ പൊള്ളല്‍ ആന്തരിക അവയവങ്ങളെ ബാധിക്കുകയും അണുബാധയുണ്ടാവുകയും ചെയ്തു. രണ്ട് ദിവസം മുന്‍പ് അജാസിന്‍റെ വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചു. ഇതോടെ ഡയാലിസസ് ആരംഭിക്കേണ്ടി വന്നു. അണുബാധ കുറയാതെ വന്നതോടെ പനി തുടങ്ങി. അത് വൈകാതെ ന്യൂമോണിയയായി മാറുകയായിരുന്നു.

Follow Us:
Download App:
  • android
  • ios