മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ തെന്നല ബാലകൃഷ്ണ പിളളയ്ക്ക് ആദരവോടെ യാത്രാമൊഴി.

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ തെന്നല ബാലകൃഷ്ണ പിളളയ്ക്ക് ആദരവോടെ യാത്രാമൊഴി. സംസ്കാര ചടങ്ങുകൾ ശാന്തികവാടത്തിൽ പൂർത്തിയായി.

കെപിസിസി അസ്ഥാനമായ ഇന്ദിരഭവനിൽ പൊതു ദര്‍ശനത്തിന് വച്ച മൃതദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദരാഞ്ജലി അര്‍പ്പിച്ചു. പത്തു മിനിറ്റോളം കെപിസിസി ഓഫീസിൽ ചെലവഴിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരൻ പിള്ളയും ഇന്ദിരാ ഭവനിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്‍റണി, മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഒ.രാജഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, മുന്‍ കെപിസിസി അധ്യക്ഷൻമാര്‍ തുടങ്ങിയ നേതാക്കളും പ്രമുഖരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഇന്നലെ ഉച്ച മുതൽ കാച്ചാണിയിലെ വീട്ടിൽ പൊതു ദര്‍ശനത്തിന് വച്ച മൃതദേഹം രാവിലെ പതിനൊന്നേ കാലോടെയാണ് ഇന്ദിരഭവനിൽ എത്തിച്ചത്. കിഴക്കേക്കോട്ടയിൽ അയ്യപ്പ സേവാ സംഘത്തിന്‍റെ ഓഫീസിലും പൊതുദര്‍ശനത്തിന് വച്ചു.