കൊച്ചി: എറണാകുളം ആലുവയില്‍ നാണയം വിഴുങ്ങിയതിന് പിന്നാലെ മരിച്ച മൂന്ന് വയസുകാരന്‍റെ മൃതദേഹം സംസ്കരിച്ചു. അമ്മയുടെ സ്വദേശമായ കൊല്ലം പൂതക്കുളത്തെ വീട്ടുവളപ്പിലാണ് മൃതദേഹം സംസ്കരിച്ചത്. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുത്തത്. വൈകിട്ട് മൂന്ന് മണിയോടെയാണ് മൃതദേഹം പരവൂരില്‍ എത്തിച്ചത്.  കുട്ടിയുടെ അമ്മയും അടുത്ത ബന്ധുക്കളും മൃതദേഹത്തിനൊപ്പം പരവൂരില്‍ എത്തിയിരുന്നു.

കുട്ടിയുടെ വയറ്റിൽ രണ്ട് നാണയങ്ങൾ ഉണ്ടായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അൻപത് പൈസയുടെയും ഒരു രൂപയുടെയും രണ്ട് നാണയങ്ങാണ് കുട്ടിയുടെ വയറ്റിൽ നിന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ വൻകുടലിന്റെ ഏറ്റവും അറ്റത്തായാണ് നാണയങ്ങൾ കണ്ടെത്തിയത്. എന്നാൽ മരണകാരണം നാണയങ്ങൾ വിഴുങ്ങിയതല്ലെന്നാണ് പ്രാഥമിക നിഗമനം. കാരണം കുട്ടിയുടെ വൻകുടലിലോ ചെറുകുടലിലോ മുറിവുകൾ കണ്ടെത്തിയിട്ടില്ല. ഇക്കാര്യം തിരിച്ചറിയാൻ കുട്ടിയുടെ ആന്തരിക ആവയവങ്ങൾ വിദഗ്ധ പരിശോധനക്ക് അയച്ചു. അതിന് ശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.

അതേസമയം ആശുപത്രി അധികൃതർ വിവരങ്ങൾ മറച്ചുവച്ചുവെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം അമ്മയുടെ സ്വദേശമായ കൊല്ലം പൂതക്കുളത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു. കുട്ടി മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പും മനുഷ്യാവകാശ കമ്മീഷനും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.