കെപിസിസി സംഘടിപ്പിച്ച ഗുരു - ഗാന്ധി സംഗമ ശതാബ്‌ദിയോട് അനുബന്ധിച്ച മൊഴിയും വഴിയും ആശയ സാഗര സംഗമം സെമിനാറിൽ പങ്കെടുത്ത് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ

തിരുവനന്തപുരം: സംസ്ഥാനത്ത് അക്രമം ഓരോ ദിവസം ശക്തിപ്പെടുന്ന സ്ഥിതിയാണെന്ന് വിമർശിച്ച് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. കെപിസിസി സംഘടിപ്പിച്ച ഗുരു - ഗാന്ധി സംഗമ ശതാബ്‌ദിയോട് അനുബന്ധിച്ച മൊഴിയും വഴിയും ആശയ സാഗര സംഗമം സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരളത്തിൽ നീതി ബോധമുള്ള വിദ്യാർഥികളെ വേറെയാക്കുന്നത് കേരള രാഷ്ടീയത്തിലെ അപചയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചരിത്രം വിസ്മരിക്കാനുള്ളതാണെന്ന ചിന്താഗതി കേരളത്തിലും വളരെയധികം പേരെ സ്വാധീനിക്കുന്നു. ഇന്നുള്ളവർ മാത്രം മതി നാളെ എന്തുമാകട്ടെ എന്നതാണ് ഉദാരവത്കരണ കാലത്തെ തിയറി. രണ്ടു രാജ്യത്ത് അംബാസിഡർ ആയാലും വിശ്വപൗരൻ എന്ന് വിളിക്കുന്നത് ശരിയല്ല. ഉദ്യോഗസ്ഥൻ ആയിരുന്നാൽ വിശ്വപൗരനാകില്ല. രാഷ്ട്രീയക്കാരൻ ആയാൽ സത്യം പറയാനാകാത്ത അവസ്ഥയാണ്. ഇത് ഒരു പാർട്ടിയുടെ മാത്രം കാര്യമല്ല. താൻ സിപിഎമ്മിനെ വിമർശിക്കില്ല. വർഗ്ഗ സമരം തെറ്റാണെന്ന് പറയാനാകില്ല. സോഷ്യലിസം വിഭാവനം ചെയ്ത യുഎസ്‌എസ്‌ആർ തകർന്നു. എന്നാൽ മാർക്‌സിസമെന്ന കാഴ്ചപ്പാട് തെറ്റല്ല. താൻ കെപിസിസി പരിപാടിയിൽ വലിയ പബ്ലിസിറ്റിയാണ് ലഭിക്കുന്നത്. എന്നാൽ താൻ മാത്രമല്ല പരിപാടിയിൽ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം സംഘടിപ്പിച്ച പരിപാടിയിലാണ് ജി സുധാകരൻ സംസാരിച്ചത്. സെമിനാർ ഉത്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുൻ പൊതുമരാമത്ത് മന്ത്രിയായ ജി സുധാകരനെയും മുൻ ഭക്ഷ്യ മന്ത്രിയായിരുന്ന സി ദിവാകരനെയും പുകഴ്ത്തിയാണ് സംസാരിച്ചത്. കേരളത്തിൻ്റെ ചരിത്രത്തിലെ നീതിമാനായ പൊതുമരാമത്ത് മന്ത്രിയാണ് സുധാകരനെന്നും നിയമസഭയിൽ ഉപദേശം നൽകിയ ജേഷ്ഠ സഹോദരനാണ് സി.ദിവാകരനെന്നും സതീശൻ പറഞ്ഞു.

YouTube video player