തിരുവനന്തപുരം: അരൂരിലെ ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പൂതനാ പരാമർശമെന്ന വിമർശനത്തിനെതിരെ ആഞ്ഞടിച്ച് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. തനിക്കെതിരെ പ്രചാരണം നടത്തുന്നവർ പ്രസ്ഥാനത്തെ ഒറ്റുന്നവരെന്ന് മന്ത്രി പറഞ്ഞു. ജില്ലാ കമ്മിറ്റിയിൽ വിമർശനങ്ങൾ ഉയർന്നെന്ന വാർത്തയും മന്ത്രി തള്ളി. ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ തനിക്കെതിരേ വിമർശനം ഉണ്ടായിട്ടില്ല, ചിലർ യഥാർത്ഥ കാരണം മറച്ചുവെയ്ക്കാൻ ശ്രമിക്കുന്നു. തോൽവി വിശദമായി പരിശോധിക്കണം എന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Read More: 'പൂതന പരാമർശം അരൂരിൽ വോട്ട് കുറച്ചു': സിപിഎം ആലപ്പുഴ ജില്ലാനേതൃയോഗത്തിലും ജി സുധാകരന് വിമർശനം

അരൂരിലെ ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ സംസ്ഥാന സെക്രട്ടറിയേറ്റിന് പിന്നാലെ സിപിഎം ആലപ്പുഴ ജില്ലാനേതൃയോഗത്തിലും മന്ത്രി ജി സുധാകരൻ വിമർശനം ഏറ്റുവാങ്ങിയിരുന്നു. ഷാനിമോൾ ഉസ്മാനെതിരായ പൂതനാ പരാമർശം വോട്ടുകൾ കുറച്ചെന്നായിരുന്നു യോഗത്തിൽ ഉയർന്ന വിമർശനം.

Read More: 'അരൂരിൽ സഹതാപമല്ല, 35 വോട്ടിന് ജയിക്കുമെന്നായിരുന്നു ഞങ്ങളുടെ വിലയിരുത്തൽ': ജി സുധാകരൻ

സംസ്ഥാന നേതാക്കളും മന്ത്രിമാരും ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചിട്ടും സംഘടനാദൗർബല്യം തിരിച്ചടിയായി എന്നും യോഗത്തിൽ വിമർശനം ഉണ്ടായി. അരൂരിൽ പ്രചാരണം രണ്ടാംഘട്ടത്തിൽ എത്തിയപ്പോഴാണ് മന്ത്രിയുടെ പൂതനാ പരാമർശം ഉണ്ടായത്. ഇത് യുഡിഎഫിന് വീണു കിട്ടിയ ആയുധമായെന്നും സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ വിലയിരുത്തലുണ്ടായി.