ആലപ്പുഴ: ആലപ്പുഴ സിപിഎമ്മിൽ ജി സുധാകരൻ പക്ഷത്തിന് തിരിച്ചടി. കൂട്ടരാജിയുണ്ടാകുമെന്ന സൂചന കീഴ്ഘടങ്ങളിൽ നിന്ന് വന്നതോടെ പരസ്യ പ്രതിഷേധം നടത്തിയവർക്കെതിരായ അച്ചടക്ക നടപടി ജില്ലാ നേതൃത്വം മയപ്പെടുത്തി. പ്രതിഷേധ പ്രകടനത്തിന് പിന്നിലെ ആസൂത്രണം 
അന്വേഷിക്കാൻ തൽകാലം കമ്മീഷനെ വയ്ക്കേണ്ടെന്നാണ് പാർട്ടി തീരുമാനം. മാരാരിക്കുളം ഏരിയ കമ്മിറ്റി പിടിക്കാനുള്ള സുധാകരപക്ഷത്തിന്‍റെ നീക്കവും സംസ്ഥാന നേതൃത്വം ഇടപെട്ട് തടഞ്ഞു.

ജി. സുധാകരന്‍റെ സമ്മർദ്ദം വിലപ്പോയില്ല. ആര്യാട് ബ്ലോക്ക് പഞ്ചായത്തിൽ മാരാരിക്കുളം മുൻ ഏരിയ സെക്രട്ടറിയും ഐസക് പക്ഷ നേതാവുമായ കെ.ഡി. മഹീന്ദ്രൻ തന്നെ അധ്യക്ഷനാകും. മഹീന്ദ്രന്‍റെ ഒഴിവിൽ ഐസക് പക്ഷത്തിന് ആധിപത്യമുള്ള മാരാരിക്കുളം ഏരിയ കമ്മിറ്റി പിടിക്കാനുള്ള സുധാകരന്‍റെ നീക്കവും പാളി. ഭൂരിപക്ഷ തീരുമാനത്തോടെ പിന്നീട് ഏരിയ സെക്രട്ടറി തീരുമാനിച്ചാൽ മതിയെന്ന് സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിക്ക് നിർദേശം ന‌ൽകി. മുൻ ജില്ലാ പഞ്ചായത്ത് അംഗം കെ.ടി. മാത്യുവിനെയാണ് തോമസ് ഐസക് ഏരിയാ സെക്രട്ടറി സ്ഥാനത്തേക്ക് നിർദേശിച്ചത്. മഹീന്ദ്രന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം നൽകിയാൽ പകരം ഏരിയ സെക്രട്ടറി സ്ഥാനം വേണമെന്നായിരുന്നു സുധാകര പക്ഷത്തിന്‍റെ ആവശ്യം. 

ജില്ലയുടെ ചുമതലയുള്ള എം.വി.ഗോവിന്ദൻ ഉൾപ്പെടെ തർക്കം ഒഴിവാക്കി ഏകകണ്ഠമായ തീരുമാനമാണ് വേണ്ടതെന്ന നിലപാട് എടുത്തതോടെ സുധാകര പക്ഷത്തിന് പിൻവാങ്ങേണ്ടിവന്നു. മാരാരിക്കുളം ഏരിയ സെക്രട്ടറിയുടെ താൽകാലിക ചുമതല ജില്ലാ കമ്മിറ്റി അംഗം കെ.ആർ. ഭഗീരഥന് പാർട്ടി വീണ്ടും നൽകി. അതേസമയം, പാർട്ടി തീരുമാനം വെല്ലുവിളിച്ച് പ്രകടനം സംഘടിപ്പിച്ചവർക്കെതിരായ നടപടിയും സിപിഎം മയപ്പെടുത്തി. കൂടുതൽ വിവാദങ്ങളിലേക്ക് പോകേണ്ടെന്നാണ് ജില്ലാ സെക്രട്ടറിയേറ്റിന്‍റെ തീരുമാനം. എന്നാൽ ജില്ലാ കോടതി ഏരിയയ്ക്ക് കീഴിലെ ആറ് ബ്രാഞ്ചുകളും പ്രതിഷേധക്കാരെ അനുകൂലിക്കുന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. കടുത്ത നടപടിയെടുത്താൽ കൂട്ടരാജിയുണ്ടാകുമെന്ന മുന്നറിയിപ്പ് കൂടി വന്നതോടെയാണ് ജില്ലാ നേതൃത്വം അച്ചടക്ക നടപടിയിൽ നിന്ന് പിന്നോക്കംപോയത്. അതേസമയം, മറ്റന്നാൾ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആലപ്പുഴയിലെ കടുത്ത വിഭാഗീയത ചർച്ച ചെയ്യും.