തിരുവനന്തപുരം: വഴിയോര പാതകളില്‍ വിശ്രമകേന്ദ്രം അനുവദിക്കുന്നതില്‍ അഴിമതിയുണ്ടെന്നാരോപിച്ച രമേശ് ചെന്നിത്തലക്ക് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന്റെ ഞാണ് പൊട്ടിയെന്നും അമ്പൊടിഞ്ഞെന്നും സുധാകരന്‍ പറഞ്ഞു. 

ദേശീയപാതയുടെ ഒരു സെന്റ് ഭൂമി പോലും എടുത്തിട്ടില്ല. ദേശീയ പാതയുടെ ഭൂമിയെടുക്കണമെങ്കില്‍ ദേശീയ ഹൈവേ അതോറിറ്റിയുടെ അനുവാദം വേണം. കഴിഞ്ഞ സര്‍ക്കാറിന്റെ  കാലത്ത് രണ്ട് കമ്പനികളുണ്ടായിരുന്നു ആശ്വാസ്, പ്രതീക്ഷ. എംഎല്‍എമാരുടെ ഫണ്ട് അടക്കം ഉപയോഗിച്ച് ഷെല്‍ട്ടര്‍ പണിയുകെ എന്നിട്ട് സ്വകാര്യമേഖലക്ക് ടെന്‍ഡര്‍ നല്‍കുക ഇതായിരുന്നു ചെയ്തിരുന്നത്. പിഡബ്ല്യുഡി റസ്റ്റ് ഹൗസിലെ കാന്റീനും ടെന്‍ഡര്‍ നല്‍കിയിരുന്നു.

ഇതുപോലെ സംസ്ഥാന പാതയില്‍ എല്ലാ ആവശ്യവും കഴിഞ്ഞ് ഒഴിഞ്ഞു കിടക്കുന്ന സ്ഥലം  ഏറ്റെടുത്ത് വേ സൈഡ് അമിനിറ്റീസ് ഒരുക്കുക എന്ന പദ്ധതിക്കാണ് സ്ഥലം കണ്ടെത്താന്‍ പറഞ്ഞത്. അങ്ങനെ കണ്ടെത്തിയത് 10 സ്ഥലം മാത്രമാണ്. അതില്‍ ദേശീയപാത ഇല്ല. കണ്ടെത്തിയ സ്ഥലങ്ങളില്‍ ഏഴെണ്ണം കെഎസ്ഡിപിയുടെ നിയന്ത്രണത്തിലുള്ളതാണ്. ഏഴെണ്ണവും എംസി റോഡിലാണ്. പൊതുമരാമത്തിന്റേത് മൂന്നെണ്ണം. ഇത് എന്തു ചെയ്യണമെന്ന് ഫയല്‍ വന്നു. അതില്‍ ടെന്‍ഡര്‍ ചെയ്തും നേരിട്ടും ഏജന്‍സിക്ക് കൊടുക്കാമെന്നാണ് ഫയലില്‍ പറയുന്നത്. ഇതില്‍ ടെന്‍ഡര്‍ ചെയ്ത് നല്‍കിയാല്‍ മതിയെന്നാണ് മുഖ്യമന്ത്രി അഭിപ്രായമെഴുതിയത്.

ധനവകുപ്പും പൊതുമരാമത്ത് വകുപ്പും ഫയല്‍ അംഗീകരിച്ചു. ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. ടെന്‍ഡര്‍ പൊട്ടിച്ചിട്ടില്ല. ഇതുവരെ ആര്‍ക്കും കൊടുത്തിട്ടില്ല. എല്ലാം നിയമാനുസൃതമായിട്ടാണ് ചെയ്തത്. കാര്യമായി പഠിക്കാതെയാണ് ആരോപണം ഉന്നയിച്ചത്. എല്ലാം മുഖ്യമന്ത്രിയുടെ മേല്‍ ആക്ഷേപിക്കുക എന്നൊരു ലൈനുണ്ടല്ലോ ഇപ്പോ. അപ്പോ ഇതൂടെ വെച്ച് ഇല്ലാ വടികൊണ്ടൊരു അടി. അങ്ങനെയൊരു വടിയില്ലെന്നും സുധാകരന്‍ പറഞ്ഞു.