കൊച്ചി: വൈറ്റില പാലം നിർമ്മാണത്തിൽ  അപാകതയുണ്ടെന്ന് റിപ്പോർട്ട് സമർപ്പിച്ചതിന് സസ്പെൻഷനിലായ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥ വി കെ ഷൈലമോള്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈൂബ്യൂണലിനെ സമീപിക്കും. സസ്പെൻഷൻ ചട്ടം വിരുദ്ധണാണെന്നാണ് ഉദ്യോഗസ്ഥയുടെ വാദം. എന്നാല്‍ ഉദ്യോഗസ്ഥ ചെയ്തത് പുറത്താക്കേണ്ട കുറ്റമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 
ചട്ട വിരുദ്ധമായി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എൻജിനീയർ ഷൈല മോളെ സസ്പെന്‍ഡ് ചെയ്തത്. എന്നാൽ ജില്ലാ വിജിലൻസ് ഓഫീസർ കൂടിയായ തനിക്ക് ഇതിനുള്ള അധികാരം ഉണ്ടെന്നാണ് ഷൈല മോളുടെ വാദം. 

മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചോര്‍ത്തി നല്‍കി എന്ന ആരോപണം സസ്പെൻഷൻ ഓർഡറിലില്ല. സസ്പെന്‍ഷൻ സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കേരള അഡ്മിന്സ്ട്രേറ്റീവ് ട്രൈബ്യൂണലിന് അടുത്ത ദിവസം പരാതി നൽകുമെന്ന് ഷൈല മോള്‍ പറഞ്ഞു.  അതിനിടെ വിഷയത്തിൽ ഉദ്യോഗസ്ഥക്ക് എതിരെ രൂക്ഷമായ പ്രതികരണമാണ് വകുപ്പ് മന്ത്രി നടത്തിയത്. പാലം പണിയിൽ ക്രമക്കേടില്ലെന്നാണ് മൂന്നാമത്തെ പരിശോധന ഫലം. എന്ത് പരാതികളുണ്ടെങ്കിലും പരിശോധിക്കാമെന്ന് മന്ത്രി പറഞ്ഞു.

ഇതിനിടെ ഷൈലമോളെ സസ്പെന്‍ഡ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ ദേശീയ പാത വിഭാഗം മധ്യ മേഖല സൂപ്രണ്ടിങ് എഞ്ചിനീയറുടെ കൊച്ചി ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച്‌ ഗേറ്റിൽ പോലീസ് തടഞ്ഞു. ഇതേ തുടര്‍ന്ന്  ഉന്തും തള്ളും ഉണ്ടായി. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.