തിരുവനന്തപുരം: പാലാരിവട്ടം പാലത്തിന്‍റെ ഭാര പരിശോധനയുടെ കാര്യത്തിൽ സുപ്രീംകോടതി തീരുമാനം സർക്കാർ അംഗീകരിക്കും എന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. ഗതാഗത കുരുക്ക് ഉടൻ പരിഹരിക്കുമെന്നും എറണാകുളത്ത് വാളെടുത്തവൻ എല്ലാം വെളിച്ചപ്പാടും എന്‍ജിനീയര്‍മാരും ആകുമെന്നതാണ് പ്രശ്നം എന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

പാലാരിവട്ടം പാലം അടച്ചത് മൂലം ഉള്ള പ്രശ്നം സബ്മിഷൻ ആയി പി ടി തോമസ് ആണ് സഭയിൽ ഉന്നയിച്ചത്. പാലത്തിന്‍റെ ഭാര പരിശോധനയിൽ സർക്കാർ നിലപാട് ദുരൂഹം ആണെന്നും പി ടി തോമസ് കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഭാര പരിശോധന നീട്ടിക്കൊണ്ടുപോകരുതെന്ന് പി ടി തോമസ് ആവശ്യപ്പെട്ടു. ഭാര പരിശോധനയിൽ സുപ്രീംകോടതി തീരുമാനം എന്തായാലും അപ്പീൽ പോകില്ലെന്ന് പറഞ്ഞ മന്ത്രി, എറണാകുളത്ത് പ്രത്യേക സ്ഥിതി ഉണ്ടെന്നും വിമർശിച്ചു

പാലാരിവട്ടം പാലത്തിന്‍റെ ഭാര പരിശോധനയിൽ സർക്കാരും കരാറുകാരും തമ്മിലെ തർക്കം സുപ്രീംകോടതിയിൽ നിലനിൽക്കെ ആണ് പൊതുമരാമത്ത് മന്ത്രി നിലപാട് വ്യക്തമാകുന്നത്. അതേസമയം, പാലാരിവട്ടം മേൽപാലം അഴിമതി കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ അടുത്തയാഴ്ച ചോദ്യം ചെയ്യും. നിയമസഭ അവസാനിക്കുന്ന മുറയ്ക്ക് ബുധനാഴ്ചയ്ക്ക് ശേഷം ചോദ്യം ചെയ്യാനാണ് തീരുമാനം.