തൃശ്ശൂര്‍: മണ്ണുത്തി- വടക്കാഞ്ചേരി ദേശീയപാത വികസനം പൂര്‍ത്തിയാവാതെ നീളുന്നതില്‍ മുന്‍ തൃശ്ശൂര്‍ എംപി സിഎന്‍ ജയദേവനെ വിമര്‍ശിച്ച് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. മുന്‍ തൃശ്ശൂര്‍ എംപിയായിരുന്ന സിഎന്‍ ജയദേവന്‍ മണ്ണുത്തി-കുതിരാന്‍ ദേശീയപാതാ പദ്ധതിയില്‍ കാര്യക്ഷമമായി ഇടപെട്ടില്ലെന്ന് കേരളത്തിലെ എംപിമാരുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം വിമര്‍ശിച്ചു.  

സംസ്ഥാന വനംവകുപ്പില്‍ നിന്നുമുള്ള അന്തിമാനുമതി ലഭിച്ചാല്‍ കുതിരാനിലെ ഒരു തുരങ്കമെങ്കിലും തുറന്നു കൊടുക്കാന്‍ ദേശീയപാത അതോറിറ്റി തയ്യാറാണ്. മണ്ണുത്തി-വടക്കാഞ്ചേരി ദേശീയപാത വികസനത്തിന് ഇപ്പോള്‍ ഉള്ള പ്രധാനതടസ്സം സംസ്ഥാന വനം വകുപ്പിന്‍റെ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.  

വനംവകുപ്പിന്‍റെ അനുമതി ഉടനെ ലഭ്യമാക്കാന്‍ കേരളത്തിലെ എംപിമാര്‍ ശ്രമിക്കണം. സംസ്ഥാന വനംവകുപ്പില്‍ നിന്നും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ പിന്നെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും തുടര്‍നടപടികള്‍ എടുപ്പിക്കാമെന്നും കേരളത്തിലെ ദേശീയപാതാ നിര്‍മ്മാണത്തിന് പണം കണ്ടെത്തുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ ഉറപ്പു നല്‍കുന്നതായും ഗഡ്കരി കേരള എംപിമാരോട് പറഞ്ഞു.

തൃശ്ശൂര്‍ എംപിയായ ടിഎന്‍ പ്രതാപനാണ് മണ്ണുത്തി ദേശീയപാത വികസനം അനന്തമായി നീളുന്ന കാര്യം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. കരാര്‍ കമ്പനിയുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയാണ് ഉണ്ടാവുന്നതെന്നും സമയബന്ധിതമായും ശാസ്ത്രീയമായും നിര്‍മ്മാണം നടത്താത്ത കാരണം ദേശീയപാത വികസനം മുടങ്ങി കിടക്കുകയാണെന്നും പ്രതാപന്‍ പരാതിപ്പെട്ടു.  

അതേസമയം ഗഡ്കരിയുടെ പരാമര്‍ശം തമാശയായി തോന്നുന്നുവെന്ന് സിഎന്‍ ജയദേവന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. മണ്ണുത്തി-കുതിരാന്‍ ദേശീയപാതയുടെ വികസനം 80 ശതമാനം പൂര്‍ത്തിയായത് താന്‍ വന്ന ശേഷമാണ്. പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഗഡ്കരിയെ പലവട്ടം കാണാന്‍ ശ്രമിച്ചെങ്കിലും പറ്റിയിട്ടില്ല. അദ്ദേഹം പലപ്പോഴും ദില്ലിയില്‍ ഉണ്ടാവാറില്ല. 

കരാര്‍ കമ്പനിക്ക് കേന്ദ്രസര്‍ക്കാര്‍ കൃത്യമായി പണം കൊടുക്കാത്തതിനാലാണ് തുരങ്കനിര്‍മ്മാണവും ദേശീയപാത വികസനവും മുടങ്ങുന്നതെന്നും ഗഡ്കരിയുടെ ഭാഗത്തുള്ള അനാസ്ഥയാണ് ഇതിനു കാരണമെന്നും സിഎൻ ജയദേവന്‍ പറഞ്ഞു. ദേശീയപാതാ വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ താനും മുന്‍ ആലത്തൂര്‍ എംപി പികെ ബിജുവും പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.