Asianet News MalayalamAsianet News Malayalam

തെക്കൻ കേരളത്തിലേക്കും വൈകാതെ പ്രകൃതിവാതകമെത്തും

എട്ട് വർഷത്തിൽ 2500 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്. ഗാർഹിക, വാണിജ്യ, വ്യവസായ മേഖലക്ക് പ്രകൃതിവാതകം എത്തിക്കാനാകും. 2500 തൊഴിൽ അവസരങ്ങൾക്കും സാധ്യത തെളിയും

gail pipeline and cng supply to bring positive change in kerala
Author
Kochi, First Published Mar 2, 2021, 8:48 AM IST

കൊച്ചി: ഗെയിൽ പൈപ്പ് ലൈൻ കൊച്ചി മുതൽ മംഗലൂരു വരെയാണെങ്കിലും തെക്കൻ കേരളത്തിലേക്കും വൈകാതെ പ്രകൃതിവാതകമെത്തും. ആദ്യഘട്ടത്തിൽ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്ക് കൊച്ചിയിൽ നിന്ന് പ്രകൃതിവാതകം എത്തിച്ച് സംഭരിച്ചാണ് വിതരണം. ഈ ജില്ലകളിൽ മുപ്പത് സിഎൻജി സ്റ്റേഷനുകൾ ഈ വർഷം പ്രവർത്തനം തുടങ്ങുമെന്ന് ചുമതലക്കാരായ അറ്റ്‍ലാന്റിക് ഗള്‍ഫ് ആന്റ് പസഫിക് ലിമിറ്റഡ് കമ്പനി വ്യക്തമാക്കി.

എട്ട് വർഷത്തിൽ 2500 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്. ഗാർഹിക, വാണിജ്യ, വ്യവസായ മേഖലക്ക് പ്രകൃതിവാതകം എത്തിക്കാനാകും. 2500 തൊഴിൽ അവസരങ്ങൾക്കും സാധ്യത തെളിയും. വടക്കൻ കേരളം പ്രകൃതിവാതകത്തിലേക്ക് ചുവട് മാറുമ്പോൾ തെക്കൻ കേരളവും ഒപ്പമുണ്ട്. വൈപ്പിനിലെ പെട്രോനെറ്റ് എൽഎൻജി ടെർമിനലിൽ നിന്ന് ബുള്ളറ്റ് ടാങ്കറിൽ ജില്ലകളിലെ കേന്ദ്രങ്ങളിലേക്ക് എത്തിക്കും. ഇവിടത്തെ വലിയ സംഭരണ ടാങ്കറുകളിൽ നിന്ന് വിതരണത്തിനായി പൈപ്പിടും. ആലപ്പുഴയിൽ ചേർത്തലയിലാണ് സംഭരണ കേന്ദ്രം. തിരുവനന്തപുരത്തും, കൊല്ലത്തെയും പ്രധാന കേന്ദ്രത്തിനുള്ള സ്ഥലമേറ്റെടുപ്പ് നടന്ന് വരികയാണ്.

സംഭരണ കേന്ദ്രം തയ്യാറാകുന്നതോടെ ഈ വർഷം തന്നെ ചേർത്തലയിലെ 10,000 വീടുകളിലേക്ക് പ്രകൃതിവാതകമെത്തിക്കാനുള്ള സാധ്യത തെളിയും. കൊല്ലത്തെയും, തിരുവനന്തപുരത്തെയും ഗാർഹിക ഉപഭോക്താക്കൾ ഒരു വർഷം കൂടി കാത്തിരിക്കണം. എട്ട് വർഷത്തിനുള്ളിൽ 291 സിഎൻജി പമ്പുകളും ഈ ജില്ലകളിൽ പ്രവർത്തനം തുടങ്ങും. നിലവിൽ കൊല്ലത്തെ കെഎംഎംഎൽ, കെസിൽ, ഇഐസിൽ എന്നീ കമ്പനികൾ പ്രകൃതിവാതകത്തിന്‍റെ ഉപഭോക്താക്കളാണ്.

തെക്കൻ ജില്ലകളിലും പ്രകൃതിവാതകമെത്തുന്നതോടെ സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനങ്ങളുടെ മുഖഛായ തന്നെ മാറും. കെ സ്വിഫ്റ്റ് കമ്പനി രൂപീകരിച്ചതോടെ കെഎസ്ആർടിസിയുടെ സിഎൻജി സ്വപ്നങ്ങളും യാഥാർത്ഥ്യമാവുകയാണ്.

Follow Us:
Download App:
  • android
  • ios