ദില്ലി: റിപ്പബ്ളിക് ദിനാഘോഷത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ വിവിധ സേനാ മെഡലുകൾ പ്രഖ്യാപിച്ചു. ഗാൽവാൻ താഴ്വരയിൽ രക്തസാക്ഷിയായ കേണൽ സന്തേഷ് ബാബുവിന് മരണാന്തര ബഹുമതിയായി മഹാവീര്‍ ചക്ര നൽകും. സംസ്ഥാനത്ത് 10 പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രപതിയുടെ ബഹുമതിക്ക് അര്‍ഹരായി. തിരുവനന്തപുരം ഇന്‍റലിജൻസ് എഡിജിപി ടി കെ വിനോദ്കുമാറിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചു. 

സ്തുത്യര്‍ഹ സേവനത്തിന് തിരുവനന്തപുരം സൗത്ത് സോണ്‍ ഐജി ഹര്‍ഷിത അട്ടലൂരി, തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളേജ് എസ്പി കെ എൽ ജോണ്‍കുട്ടി, വിജിലൻസ് എസ്പി എൻ രാജേഷ്, മലപ്പുറം എംഎസ്പി ഡെപ്യുട്ടി കമാണ്ടന്‍റ് ബി അജിത് കുമാര്‍, കോഴിക്കോട് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണര്‍ കെ‍ പി അബ്ദുൾ റസാഖ്, കാസര്‍ക്കോട് മൊബൈൽ സ്ക്വാഡ് ഡിഎസ്പി ഷരീഷ്ചന്ദ്ര നായിക്, കൊല്ലം ജില്ലയിലെ ഇൻസ്പെക്ടര്‍ എസ് മഞ്ജുലാൽ, വൈക്കം സ്റ്റേനിലെ സബ് ഇൻസ്പെക്ടര്‍ കെ നാസര്‍, മലപ്പുറം സിവിൽ പൊലീസ് ഓഫീസര്‍ കെ വത്സല എന്നിവരും മെഡലുകൾക്ക് അര്‍ഹരായി.

കുട്ടികളടക്കം 31 പേര്‍ക്കുള്ള രാഷ്ട്രപതിയുടെ ധീരതക്കുള്ള പുരസ്കാരവും പ്രഖ്യാപിച്ചു. പത്മപുരസ്കാരങ്ങളും അല്പസമയത്തിനകം പ്രഖ്യാപിക്കും.