ഒരുവാതിൽകോട്ട ആക്കുളം കായലോര നടപ്പാതയ്ക്ക് സമീപം മാലിന്യം തള്ളാനെത്തിയ ലോറി നാട്ടുകാർ വളഞ്ഞ് പിടികൂടി

തിരുവനന്തപുരം: ഒരുവാതിൽകോട്ട ആക്കുളം കായലോര നടപ്പാതയ്ക്ക് സമീപം മാലിന്യം തള്ളാനെത്തിയ ലോറി നാട്ടുകാർ വളഞ്ഞ് പിടികൂടി. ഇന്നലെ രാത്രിയായിരുന്നു സംഭവം. ആശുപത്രി മാലിന്യങ്ങളും ഹോട്ടൽ മാലിന്യങ്ങളും ഉൾപ്പെടെ ലോറിയിലുണ്ടായിരുന്നു. പ്രദേശത്ത് മാലിന്യനിക്ഷേപം പതിവായതോടെ പൊതുപ്രവർത്തകരും റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും നിരീക്ഷണം കർശനമാക്കിയിരുന്നു. രാത്രി ഒമ്പതോടെ മാലിന്യങ്ങളുമായെത്തിയ ലോറി പ്രദേശവാസികൾ തടഞ്ഞിടുകയായിരുന്നു. നാട്ടുകാരെ കണ്ടതോടെ രണ്ടുപേർ ഓടി രക്ഷപ്പെട്ടു. എന്നാൽ ഡ്രൈവറെ നാട്ടുകാർ പിടികൂടി. ഉടൻ വാർഡ് കൗൺസിലർ ജയാരാജീവ് സ്ഥലത്തെത്തി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിവരമറിഞ്ഞ് മേയർ വിവി രാജേഷും കൗൺസിലർ വി ഗിരികുമാറും സ്ഥലത്തെത്തി. പ്രദേശത്തെ മാലിന്യങ്ങൾ ആക്കുളം കായലിലേക്കാണ് ഒഴുകിയെത്തുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഇതോടെ കർശനമായ വകുപ്പുകൾ ചേർത്ത് കേസെടുക്കണമെന്ന് മേയർ പൊലീസിനോട് ആവശ്യപ്പെട്ടു. ലോറി കോർപ്പറേഷൻ ഹെൽത്ത്സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു.പ്രതിയെ പൊലീസിന് കൈമാറി. ശക്തമായ നടപടികളുമായി ഞങ്ങൾ ഇവിടെത്തന്നെയുണ്ടെന്നും നഗരത്തിൽ ഇത്തരത്തിൽ മാലിന്യം തള്ളുന്നവർക്കെതിരെ നിരീക്ഷണം കർശനമാക്കുമെന്നും മേയർ വ്യക്തമാക്കി.

YouTube video player