കോഴിക്കോട്: കുറ്റ്യാടിയില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു. ഗ്യാസ് സിലിണ്ടറിന്‍റെ കാലപ്പഴക്കം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം തുടങ്ങി. കുറ്റ‍്യാടി തീക്കുനി സ്വദേശി മൊയ്തുവിന്‍റെ അടുക്കള വരാന്തയിൽ സൂക്ഷിച്ചിരുന്ന ഉപയോഗിക്കാത്ത ഗ്യാസ് സിലിണ്ടർ പുലർച്ചെ മൂന്ന് മണിയോടെ പൊട്ടിത്തെറിക്കുയായിരുന്നു. 

പൊട്ടിത്തെറിയുടെ ആഘാതത്തിൽ അടുക്കളയും കുളിമുറിയും തകർന്നു. മൊയ്തുവും ഭാര്യയും മക്കളും അടക്കം അഞ്ച് പേരാണ് വീട്ടിലുണ്ടായിരുന്നെങ്കിലും പുലര്‍ച്ചെയായതിനാല്‍ അപകടം ഒഴിവായി. നാദാപുരത്തെ ഗ്യാസ് ഏ‍ജൻസിയിൽ നിന്നും രണ്ടാഴ്ച മുമ്പാണ് സിലിണ്ടർ വീട്ടിലെത്തിച്ചത്. ഗ്യാസ് സിലിണ്ടറിന്‍റെ കാലപ്പഴക്കം അപകട കാരണമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. കൂടുതലറിയാന്‍ വരും ദിവസങ്ങളില്‍ വിദഗ്ധ പരിശോധന നടക്കും.