കണ്ണൂര്‍: തലശ്ശേരി കോടതിക്ക് സമീപം ഗ്യാസ് ടാങ്കർ മറിഞ്ഞ് കോടതികളുടെ പ്രവര്‍ത്തനം മാറ്റി വച്ചതോടെ പാലത്തായി പോക്സോ കേസ് പ്രതി കൂനിയിൽ പത്മരാജൻറെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനായില്ല.  മംഗലാപുരത്ത് നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന ലോറിയാണ് രാവിലെ 6.45 ഓടെ മറിഞ്ഞത്. വാതകചോർച്ചയുണ്ടാകാത്തതിനാൽ വലിയ അപകടം ഒഴിവായി.

ടാങ്കർ ലോറി മറിഞ്ഞതിനാൽ തലശ്ശേരി ജില്ലാ, സെഷൻസ് കോടതികളുടെ പ്രവർത്തനം ഇന്നത്തേക്ക് നിർത്തിവക്കുകയായിരുന്നു . ഇന്ന് പരിഗണിക്കാനിരുന്ന പാലത്തായി പോക്സോ കേസ് പ്രതി കൂനിയിൽ പത്മരാജൻറെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.

പ്രതി അറസ്റ്റിലായി 90 ദിവസം ആയ സാഹചര്യത്തിൽ കേസിൽ ഇന്നലെ ക്രൈംബ്രാഞ്ച് ഭാഗിക കുറ്റപത്രം നൽകിയിരുന്നു. 

നിലവിൽ ചുമത്തപ്പെട്ട കുറ്റങ്ങളിൽ പ്രതിക്ക് ജാമ്യത്തിന് അർഹതയുണ്ടെന്ന് പ്രതിഭാഗം വാദിക്കുന്നു. അതേസമയം കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് തെളിയിക്കാനുള്ള വിശദ അന്വേഷണം നടക്കുകയാണെന്നും ജാമ്യം നൽകിയാൽ അത് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്.