Asianet News MalayalamAsianet News Malayalam

പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് നേരിട്ട് കണ്ട് പരാതി നല്‍കി ഗൗരിനന്ദ; നടപടി ആരംഭിച്ചു

കടയ്ക്കല്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍ പ്ലസ് ടു കോമേഴ്സ് വിദ്യാര്‍ത്ഥിയായിരുന്ന ഗൗരിനന്ദ അടുത്തിടെയാണ് പ്ലസ്ടു പാസായത്. ബാങ്കില്‍ ക്യൂനിന്നവര്‍ക്ക് പിഴ നല്‍കിയ പൊലീസിനെ വിറപ്പിച്ച് ചടയമംഗലം സ്വദേശി പതിനെട്ടുകാരി ഗൗരിനന്ദയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

Gauri nanda visit CM Pinarayi vijayan submit complaint against police
Author
Chadayamangalam, First Published Aug 7, 2021, 1:56 PM IST

കൊല്ലം: ചടയമംഗലത്ത് ബാങ്കില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് പിഴയിട്ട പൊലീസ് നടപടി ചോദ്യം ചെയ്തതിലൂടെ ശ്രദ്ധേയായ വിദ്യാര്‍ത്ഥി ഗൗരിനന്ദയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചു. തനിക്കെതിരെ എടുത്ത കേസ് പിന്‍വലിക്കാനും, തനിക്കെതിരെ അപമര്യാദയായി പെരുമാറിയ പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കണമെന്നുമാണ് ഗൗരിനന്ദ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് പരാതി ഡിജിപിക്ക് കൈമാറുകയും അത് കൊല്ലം പൊലീസ് അന്വേഷിക്കുകയാണെന്നും, തന്നെ വിളിച്ച് വിവരങ്ങള്‍ ശേഖരിച്ചുവെന്നും ഗൗരി നന്ദ ഏഷ്യാനെറ്റ് ഓണ്‍ലൈനിനോട് പറഞ്ഞു. വ്യാഴാഴ്ച തിരുവനന്തപുരത്ത് വച്ചാണ് ഗൗരിനന്ദ മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കിയത്. അമ്മയ്ക്കും പുനലൂര്‍ എംഎല്‍എ പിഎസ് സുപാലിനുമൊപ്പമാണ് ഗൗരിനന്ദ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.

കടയ്ക്കല്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍ പ്ലസ് ടു കോമേഴ്സ് വിദ്യാര്‍ത്ഥിയായിരുന്ന ഗൗരിനന്ദ അടുത്തിടെയാണ് പ്ലസ്ടു പാസായത്. ബാങ്കില്‍ ക്യൂനിന്നവര്‍ക്ക് പിഴ നല്‍കിയ പൊലീസിനെ വിറപ്പിച്ച് ചടയമംഗലം സ്വദേശി പതിനെട്ടുകാരി ഗൗരിനന്ദയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നീട് ഗൗരിനന്ദയ്ക്കെതിരെ ചടയമംഗലം പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയതിന് കേസ് എടുത്തിരുന്നു.

 പിന്നീട് ജാമ്യമില്ല വകുപ്പ് ഒഴിവാക്കിയെങ്കിലും കേസ് ഉണ്ടായിരുന്നു. പൊലീസുകാര്‍ അപമര്യാദയായി പെരുമാറിയതിനാലാണ് രൂക്ഷമായി പ്രതികരിച്ചത് എന്നാണ് ഗൗരി നന്ദ പിന്നീട് പ്രതികരിച്ചത്. ഇതെല്ലാം ഉള്‍കൊള്ളിച്ചാണ് തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കിയത്.

കഴിഞ്ഞ ജൂലൈ 27 രാവിലെ 11 മണിക്ക് ചടയമംഗലത്തെ സ്വകാര്യ ബാങ്കിന് സമീപമാണ് കേരളം ചര്‍ച്ച ചെയ്ത സംഭവങ്ങള്‍ ഉണ്ടായത്. അമ്മയ്‌ക്കൊപ്പം ആശുപത്രിയില്‍ പോയ ശേഷം എ.ടി.എമ്മില്‍ നിന്ന് പണമെടുക്കാന്‍ ബാങ്കിന് മുന്നിലെത്തിയതായിരുന്നു ഗൗരിനന്ദ. തിരിച്ചിറങ്ങിയപ്പോള്‍ പൊലീസ് ആളുകള്‍ക്ക് മഞ്ഞ പേപ്പറില്‍ എന്തോ എഴുതി കൊടുക്കുന്നു. ഒരാളോട് കാര്യം തിരക്കിയപ്പോള്‍ സാമൂഹ്യഅകലം പാലിക്കാത്തതിന് പിഴ അടയ്ക്കാനുള്ള പൊലീസിന്റെ നോട്ടീസ് കാണിച്ചു. 

ഇതിന്‍റെ കാര്യം തിരക്കിയപ്പോള്‍ മോശമായ ഭാഷയിലായിരുന്നു പൊലീസുകാരന്റെ പ്രതികരണമെന്ന് ഗൗരിനന്ദ പറയുന്നു. ഇതോടെ ഗൗരി ശബ്ദമുയര്‍ത്തി. തര്‍ക്കം അരമണിക്കൂറോളം നീണ്ടു. ആളുകള്‍ തടിച്ചുകൂടി. പെണ്ണല്ലായിരുന്നെങ്കില്‍ കാണിച്ചുതരാമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതോടെയാണ് താന്‍ രൂക്ഷമായി പ്രതികരിച്ചത് എന്നാണ് ഗൗരി പറയുന്നത്. അതിനിടയില്‍ ആരോ പകര്‍ത്തിയ വീഡിയോ വൈറലായി, താന്‍ വീട്ടിലെത്തിയ ശേഷമാണ് ഈ വീഡിയോ വൈറലാകുന്ന കാര്യം അറിഞ്ഞത് എന്നാണ് ഗൗരി പറയുന്നത്.

അതേ സമയം ഗൗരിക്കെതിരെ കേസ് എടുത്ത പൊലീസ് നടപടി സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയത്. കൊവിഡ് നിയന്ത്രണങ്ങളിലെ അശാസ്ത്രീയതയും പൊലീസ് നടപടികളും ചോദ്യം ചെയ്ത് രംഗത്തെത്തുന്ന പലരും ഗൌരിയുടെ നടപടിയെ അഭിനന്ദിക്കുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios