ഐസി ബാലകൃഷ്ണൻ്റെയും കോൺഗ്രസ് നേതാവ് കെ ഇ വിനയൻ്റെയും അറിവോടെയാണ് ജോലിക്ക് കോഴ വാങ്ങിയതെന്ന് ആരോപണം
വയനാട്: സഹകരണ ബാങ്കില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഐ സി ബാലകൃഷ്ണൻ എംഎല്‍എയുടെ അടുപ്പക്കാരനായിരുന്ന ബെന്നി 15 ലക്ഷം രൂപ വാങ്ങിയെന്ന് പരാതി. നീലഗിരി സ്വദേശി അനീഷ് ജോസഫിന്‍റേതാണ് പരാതി. എംഎല്‍എയുടെയും കോണ്‍ഗ്രസ് നേതാവ് കെ വിനയന്‍റെയും അറിവോടെയാണ് പണം വാങ്ങിയതെന്നും പരാമർശമുണ്ട്. എന്നാല്‍ പരാതി പുറത്തായതോടെ എല്ലാം പരിഹരിച്ചുവെന്നും തനിക്ക് പരാതിയില്ലെന്നും അനീഷ് ജോസഫ് പറഞ്ഞു.
ഐ സി ബാലകൃഷ്ണന്‍റെ അടുപ്പക്കാരനായിരുന്ന ബെന്നി, തന്‍റെ ഭാര്യയ്ക്ക് ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 2014 ല്‍ 15 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് അനീഷ് ജോസഫ് വയനാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. എന്നാല്‍ വർഷം ഇത്രയും കഴിഞ്ഞിട്ടും ഭാര്യയ്ക്ക് ജോലി ലഭിച്ചിട്ടില്ലെന്നും വഞ്ചിക്കപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നുണ്ട്. ഐ സി ബാലകൃഷ്ണൻ എംഎല്‍എ , കോണ്‍ഗ്രസ് നേതാവ് കെ ഇ വിനയൻ എന്നിവരുടെ അറിവോടെയാണ് ഈ പണം വാങ്ങിയതെന്നും അനീഷിന്‍റെ പരാതിയിലുണ്ട്. കെ ഇ വിനയന്‍ വാങ്ങിയ രണ്ട് ലക്ഷം തിരികെ കിട്ടി. ഇനിയും 13 ലക്ഷം രൂപ തിരികെ കിട്ടാനുണ്ടെന്നും പരാതിയില്‍ പറയുന്നു.
പരാതി പുറത്തായതോടെ പ്രശ്നങ്ങള്‍ പരിഹരിച്ചെന്നും കാര്യങ്ങള്‍ സംസാരിച്ച് തീർത്തുവെന്നും അനീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. അനീഷുമായി ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകള്‍ ഭൂമിയുമായി ബന്ധപ്പെട്ടതാണെന്നാണ് ബെന്നിയുടെ വാദം. ജോലി നല്‍കാമെന്ന് പറഞ്ഞിട്ടില്ലെന്നും അത്തരം പ്രചാരണം രാഷ്ട്രീയ പ്രേരിതമെന്നും ബെന്നി പ്രതികരിച്ചു. സഹകരണ ബാങ്കുകളില്‍ നിയമനം നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്ന സംഭവത്തില്‍ പലയിടത്തും പരാതിക്കാർ സമ്മർദ്ദത്തെ തുടർന്ന് പിൻമാറുകയാണെന്നാണ് ഉയരുന്ന ആക്ഷേപം.

