ഗവി പരാതിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ കർശന നടപടി എടുത്തെന്ന് എ.കെ.ശശീന്ദ്രൻ; ശിക്ഷ ഉറപ്പാക്കി മുന്നോട്ടുപോകും
തിരുവനന്തപുരം: ഗവിയിലെ വനംവകുപ്പ് ഓഫീസിൽ വനിതാ വാച്ചറെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ കർശന നടപടി എടുത്തെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ മനോജ് ടി. മാത്യുവിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥന്റെ നടപടി വനംവകുപ്പിന് കളങ്കമുണ്ടാക്കി. ശിക്ഷ ഉറപ്പാക്കി മുന്നോട്ടുപോകുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
പെരിയാർ കടുവാ സങ്കേത്തിലെ ഗവി സ്റ്റേഷനിലെ താൽക്കാലിക വനിതാ വാച്ചറെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി ഉയർന്നത്. ആദിവാസി വിാഭഗത്തിൽ നിന്നുള്ള വനിതാ വാച്ചറാണ് പരാതിക്കാരി. സഹപ്രവർത്തകനായ വാച്ചർക്കൊപ്പം ഭക്ഷണ ഉണ്ടാക്കുകയായിരുന്നു പരാതിക്കാരി. ഈ സമയം അടുക്കളയിലെത്തിയ മനോജ് ടി.മാത്യു സാധനങ്ങൾ എടുത്തു നൽകാമെന്ന് പറഞ്ഞ് വനിതാ വാച്ചറെ സ്റ്റോർ റൂമിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
വാച്ചർ ബഹളം വച്ചതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നയാൾ ഓടിയെത്തി. ഇയാളെ തള്ളിമാറ്റിയ ശേഷം വീണ്ടും കടന്നു പിടിക്കാൻ ശ്രമിച്ചെന്നാണ് പരാതി നൽകിയിരിക്കുന്നത്. ഒച്ചകേട്ട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അടക്കമുള്ളവർ എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. വനിതാ വാച്ചറുടെ പരാതിയിൽ പെരിയാർ റേഞ്ച് ഓഫീസർ നടത്തിയ അന്വേഷണത്തിൽ സംഭവം ശരിയാണെന്ന് റിപ്പോർട്ട് നൽകി.
തുടർന്ന് അഭ്യന്തര പരാതി പരിഹാര കമ്മറ്റിയും അന്വേഷണം നടത്തി, മനോജിനെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചു. അച്ചടക്ക നടപടിക്ക് പെരിയാർ കടുവാ സങ്കേതം അസിസ്റ്റൻറ് ഫീൽഡ് ഡയറക്ടർ ശുപാർശ ചെയ്തതോടെ മനോജിനോട് അവധിയിൽ പോകാൻ നിർദ്ദേശിച്ചിരുന്നു. സംഭവത്തിൽ മൂഴിയാർ പൊലീസും കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയൽ വകുപ്പ് ഉൾപ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്.
