ഇത്തവണ വോട്ട് കൂട്ടിയെങ്കിലും സിസി മുകുന്ദന്‍റെ സ്ഥാനാര്‍ത്ഥിത്വം എല്‍ഡിഎഫിന് വീണ്ടും ജയിക്കാനുള്ള അവസരമൊരുക്കി.

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് തരംഗത്തിലും നാട്ടിക നിയോജക മണ്ഡലത്തില്‍ വിജയക്കൊടി നാട്ടി എൽഡിഎഫിന്‍റെ ഗീതാ ഗോപി. സിപിഐ ടിക്കറ്റില്‍ മത്സരിച്ച ഗീതാ ഗോപി 7093 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫിന്‍റെ സുനില്‍ ലാലൂരിനെ തോല്‍പിച്ചു. ആകെ പോള്‍ ചെയ്‌ത വോട്ടുകളില്‍ ഗീതാ ഗോപി 58979 വോട്ടുകള്‍ നേടിയപ്പോള്‍ സുനില്‍ ലാലൂര്‍ 51886 വോട്ടുകള്‍ നേടി. തെരഞ്ഞെടുപ്പന് തൊട്ടു മുമ്പ് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ ചേര്‍ന്ന സിപിഐയുടെ സിറ്റിംഗ് എം എല്‍ എ ആയിരുന്ന സിസി മുകുന്ദൻ 45216 വോട്ടുകള്‍ നേടി കരുത്തുകാട്ടി.

തൃശ്ശൂർ താലൂക്കിലെ അന്തിക്കാട്, അവിണിശ്ശേരി, ചാഴൂർ ചേർപ്പ്, പാറളം, താന്ന്യം എന്നീ ഗ്രാമപഞ്ചായത്തുകളും ചാവക്കാട് താലൂക്കിലെ നാട്ടിക, വല്ലപ്പാട്, തളിക്കുളം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് നാട്ടിക നിയമസഭാമണ്ഡലം. 1957ൽ നിലവിൽ വന്ന നാട്ടിക 2011 മുതൽ പട്ടിക ജാതി സംവരണ മണ്ഡലമാണ്. 2011 മുതല്‍ ഇടതുപക്ഷം ജയിച്ചുവരുന്ന മണ്ഡലം. എന്നാല്‍ ഇത്തവണ നാട്ടിക വാര്‍ത്തകളില്‍ ഇടംപിടിച്ചത് സിറ്റിംഗ് എംഎല്‍എയും സിപിഐ നേതാവുമായ സി.സി. മുകുന്ദന്‍റെ കൂടുമാറ്റത്തിലായിരുന്നു. സിപിഐ വിട്ടാണ് സി.സി. മുകുന്ദൻ ബിജെപിയില്‍ ചേര്‍ന്നത്.

നാട്ടിക മണ്ഡലത്തില്‍ 2016-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 70,218 വോട്ടുകളായിരുന്നു സിപിഐ സ്ഥാനാർഥി ഗീതാ ഗോപി നേടിയിരുന്നത്. അതേസമയം, കോൺഗ്രസിലെ കെ.വി ദാസൻ 43,441 വോട്ടും നേടി. പിന്നീട് നടന്ന 2021-ലെ തെരഞ്ഞെടുപ്പിൽ 72,930 വോട്ടാണ് സി.സി. മുകുന്ദന് ലഭിച്ചത്. അതേസമയം, കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച സുനിൽ ലാലൂരിന് 44,499 വോട്ടുകളേ നേടാനായിരുന്നുള്ളൂ. ഇത്തവണ വോട്ട് കൂട്ടിയെങ്കിലും സിസി മുകുന്ദന്‍റെ സ്ഥാനാര്‍ത്ഥിത്വം എല്‍ഡിഎഫിന് വീണ്ടും ജയിക്കാനുള്ള അവസരമൊരുക്കി. ഈ തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ജനകീയ വികസന പദ്ധതികളായിരുന്നു എൽഡിഎഫ് പ്രചരണായുധമായി മുന്നോട്ടുവച്ചത്. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നല്‍കിയ പ്രതീക്ഷയിലായിരുന്നു യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക